മഞ്ഞപ്പിത്തം: ഒരു മാസത്തിനിടെ 217 രോഗികൾ; സർക്കാർ സഹായമെത്താതെ വേങ്ങൂർ പഞ്ചായത്ത്

Mail This Article
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച് ഒരു മാസം കഴിഞ്ഞിട്ടും ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം നീളുന്നു. ഏപ്രിൽ 17 നാണ് പഞ്ചായത്തിൽ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഇപ്പോൾ ഒരു മാസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 217. ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ഗുരുതരാവസ്ഥയിൽ കഴിയുന്നത് 3 പേർ. നാൽപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. 2 പേർ മരിച്ചു. ധനസഹായം നൽകണമെന്ന ആവശ്യം നിരന്തരം ഉയർന്നിട്ടും പണം അനുവദിച്ചിട്ടില്ല എന്നു മാത്രമല്ല, ആരോഗ്യ മന്ത്രി ഉൾപ്പെടെ ഇവിടം സന്ദർശിച്ചിട്ടുമില്ല. ധനസഹായം ഉൾപ്പെടെയുള്ളവ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ആരോഗ്യമന്ത്രിയെ തലസ്ഥാനത്തു പോയി കണ്ടിരുന്നു. രോഗികളെ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ വീടുകളും കടകളും കയറിയിറങ്ങി സഹായം തേടുകയാണ് പഞ്ചായത്ത് അധികൃതർ.
കൂലിപ്പണിക്കാരും മറ്റു ചെറിയ തൊഴിലുകൾ ചെയ്തു ജീവിക്കുന്നവരുമെല്ലാം കൂടുതലുള്ള പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ മിക്ക കുടുംബങ്ങളുടെയും നട്ടെല്ലൊടിച്ചിട്ടുണ്ട്. 170 കുടുംബങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം. രോഗം ബാധിച്ചവർക്ക് ജോലിക്കു പോകാന്‍ സാധിക്കുന്നില്ല എന്നതിനു പുറമെ കുടുംബം കഴിയാനും വഴിയില്ല. സ്വകാര്യ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ പഞ്ചായത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതു കൊണ്ടാണ് ഈ കുടുംബങ്ങൾ പിടിച്ചു നിൽക്കുന്നത്. പലരെയും രോഗം കലശലായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതിൽ ശ്രീകാന്ത്, ശ്രീനി എന്നീ ചെറുപ്പക്കാർ തങ്ങളുടെ ഉപജീവനമാർഗമായ ലോറിയും പശുവിനെയുമൊക്കെ വിറ്റാണ് ചികിത്സയ്ക്കുള്ള പണത്തിൽ കുറെയെങ്കിലും കണ്ടെത്തിയത്. രണ്ടു വൃക്കകളും തകർന്ന ശ്രീകാന്ത് ഡയാലിസിസിലൂടെയാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. 11 ലക്ഷത്തോളം രൂപ ഇതിനകം ആശുപത്രിയിൽ ചെലവഴിച്ചു കഴിഞ്ഞു. ശ്രീകാന്തിന്റെ ഭാര്യ അഞ്ജനയുടെ നില അതീവ ഗുരുതരമാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് അഞ്ജന സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
‘‘ആശുപത്രിക്കാർ ബിൽ എത്രയായി എന്നു പറയുന്നതല്ലാതെ നിർബന്ധപൂർവം പണം ചോദിക്കുന്നില്ല എന്നതാണ് ഏക ആശ്വാസം. ഇവിടെ ഇപ്പോൾ ഞങ്ങളുടെ രണ്ടു പേരുടെയും ചികിത്സക്കായി 11 ലക്ഷത്തോളമായി. അഞ്ജനയ്ക്ക് 10 ലക്ഷത്തിന് മുകളിലായി. കുറെ പേരിൽനിന്ന് പിരിവെടുത്തുമൊക്കെയാണ് അത് കൊടുത്തത്. ഞങ്ങളുടെ ലോറി ഉണ്ടായിരുന്നത് കൊടുത്തു, വീട്ടിലെ പശുവിനെയും കടയിൽ ഉണ്ടായിരുന്ന സിമന്റും വിറ്റു. ഇനി കുറച്ച് പാടമുള്ളത് എടുത്തിട്ട് പണം തരാൻ നാട്ടില്‍ ഒരാളോട് പറഞ്ഞിട്ടുണ്ട്. പലരേയും വിളിച്ചാൽ ഇപ്പോൾ ഫോൺ എടുക്കില്ല. പൈസ ചോദിക്കാനായിരിക്കും എന്നു കരുതിയാവും. അവരുടെ കൈയിലും ഇല്ല എന്നതാണ് വാസ്തവം. ഉണ്ടായിട്ട് ആരും തരാതിരുന്നിട്ടില്ല. എഴുന്നേറ്റു നിൽക്കാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ പണിയെടുത്ത് ഉണ്ടാക്കിയേനെ. ഇനി വീടു മാത്രമേ ബാക്കിയുള്ളൂ, അതുകൂടി വിറ്റാൽ ഞങ്ങൾ എവിെട പോയി ജീവിക്കും?’’– ആശുപത്രിക്കിടക്കയിൽനിന്ന് ശ്രീനി ചോദിക്കുന്നു.
ഇത്തരത്തിൽ ഒട്ടേറെ പേരാണ് ധനസഹായത്തിനും മറ്റുമായി കാത്തിരിക്കുന്നത്. സർക്കാർ സഹായം നീളുന്നതോടെ സ്വന്തം നിലയ്ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ. ഇന്നലെ ആരംഭിച്ച ധനസമാഹരണ യജ്‍ഞത്തിന് ജനങ്ങളിൽനിന്ന് മികച്ച സഹകരണമാണു ലഭിക്കുന്നതെന്ന് പ്രസിഡന്റ് ശിൽപ സുധീഷ് പറഞ്ഞു. വേങ്ങൂർ പഞ്ചായത്തിലെ കൊമ്പനാട്ടു നിന്നാണ് ധനസമാഹരണത്തിന് തുടക്കം കുറിച്ചത്. ഇവിടെനിന്നു മാത്രം ആദ്യ മണിക്കൂറിൽ 20,800 രൂപ പിരിഞ്ഞു കിട്ടിയെന്നും അവർ വ്യക്തമാക്കി. ഏപ്രിൽ 17 ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം 19 നാണ് നാലു പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ് ഇതിന്റെ കാരണമെന്ന നിഗമനത്തിലേക്ക് അധികൃതർ എത്തുകയും ചെയ്തു. തുടർന്ന് ജലസ്രോതസ്സിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും രോഗം വലിയ തോതിൽ വേങ്ങൂർ പഞ്ചായത്തില്‍ പടർന്നിരുന്നു.
മേയ് എട്ടിന് പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ധരിച്ചു കൊണ്ട് പുറത്തു വന്ന ഒരു വാർത്തയില്‍ പറയുന്നത്, ആരോഗ്യമന്ത്രി സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട് എന്നാണ്. രോഗബാധിതർക്കു ധനസഹായം നൽകുന്ന കാര്യവും മന്ത്രിയുടെ ഓഫിസിനെ പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മേയ് ഒൻപതിന് മന്ത്രി വീണാ ജോർജിനെ ഉദ്ധരിച്ചു കൊണ്ട് പുറത്തു വന്ന ചില റിപ്പോർട്ടുകൾ പറയുന്നത് വേങ്ങൂരിലെ മഞ്ഞപ്പിത്തവും പകർച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു എന്നാണ്. പഞ്ചായത്തിലെ രോഗബാധയെ സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയാലുടൻ മറ്റു നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മേയ് ഒൻപതിനു തന്നെയാണ് ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് പഞ്ചായത്ത് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയത്. തുടർന്ന്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവ് ജില്ലാ കലക്ടറിൽനിന്ന് റിപ്പോർട്ട് തേടി. കലക്ടർ ഒരു റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഈ സമയത്തെല്ലാം പണവും സഹായവുമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്ന വാർത്തകൾ പുറത്തുവന്നു കൊണ്ടിരുന്നു. ഇതിനിടെയാണ് സഹായം അഭ്യർഥിച്ച് പഞ്ചായത്ത് പ്രതിനിധി സംഘം മന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടത്. ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവർക്കും രോഗബാധിത കുടുംബങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിക്കുന്ന കാര്യം പരിശോധിക്കാമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. എൽഡിഎഫ് ആണ് 15 വാർഡുകളുള്ള പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന് ആറ് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ബാക്കിയുള്ളത്.
‘‘മഞ്ഞപ്പിത്തം പടർന്നു പിടിച്ച് ഒരു മാസം കഴിഞ്ഞിട്ടും ആരോഗ്യമന്ത്രിക്ക് ഇവിടമൊന്ന് സന്ദർശിക്കാൻ തോന്നിയിട്ടില്ല. രോഗം ബാധിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്ന കാര്യം സർക്കാര്‍ ഇനിയെങ്കിലും പരിഗണിക്കണം’’– കൂവപ്പടി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ റെജി ഇട്ടൂപ്പ് പറയുന്നു.