ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കു പുറമേ ആലപ്പുഴ ജില്ലയിൽ കൂടി അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 21നും ഈ നാലു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ച തിരി‍ഞ്ഞാണ് മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണു പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്നു മുതൽ 21 വരെ ഓറഞ്ച് അലർട്ടാണ്.

22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 10 ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിനു സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു മുതൽ 21 വരെ യെലോ അലർട്ടാണ്. 22ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. രാത്രിയോടെ മുന്നറിയിപ്പുകളിൽ മാറ്റം വന്നേക്കാം.

അതേസമയം, ഇന്നു വൈകിട്ടോടെ കേരളത്തിലെ തീരപ്രദേശങ്ങളിലും രാത്രിയോടെ മലയോര മേഖലകളിലും മഴ ശക്തമാകുമെന്നാണു സൂചന. തീരത്തോടു ചേർന്ന് കനത്ത മഴമേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിനിടെ, തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 31ന് കേരളത്തിൽ എത്തുമെന്നാണു കണക്കുകൂട്ടൽ. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടുന്നതിനു മുന്നോടിയായാണ് ഇപ്പോഴത്തെ മഴ. കൂടാതെ തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതും മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട്ടിലേക്കായി മറ്റൊരു ചക്രവാതച്ചുഴി നീണ്ടുനിൽക്കുന്നതും ഛത്തീസ്ഗഡിൽ നിന്നു കർണാടക വരെ ഉള്ള ന്യൂനമർദപാത്തിയുമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിനു കാരണം. അതിതീവ്ര മഴയിൽ കുറഞ്ഞ സമയത്തിൽ വലിയ മഴ പ്രതീക്ഷിക്കുന്നതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽപ്രളയത്തിനും നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരമേഖലകൾ എന്നിവിടങ്ങിലേക്കു വിനോദയാത്രകൾ ഒഴിവാക്കണം. തീരപ്രദേശത്തു ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്തു നിന്നു മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിൽ പോകാൻ പാടില്ല. എല്ലാ ജില്ലകളിലും 24 മണിക്കൂർ താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. 1077, 1070 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

English Summary:

Alert Issued for Heavy Rainfall and Lightning Strikes in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com