ADVERTISEMENT

ടെഹ്റാൻ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, ഒപ്പം സഞ്ചരിച്ച മറ്റ് 7 പേരുടെയും ജീവനെടുത്ത അപകടത്തിലെ ബെൽ 212 ഹെലികോപ്റ്ററിന്റെ സുരക്ഷാവീഴ്ചകൾ മുൻപു തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകളനുസരിച്ച് എട്ടു മാസം മുൻപും ഒരു ബെൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു.

കൈവശമുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും പുതിയവ വാങ്ങാനും ഇറാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സൈന്യത്തിന്റെ പക്കലുള്ള ഹെലികോപ്റ്ററുകളിൽ പലതും കാലഹരണപ്പെട്ടതാണ്. ആവശ്യത്തിനു പുതിയ കോപ്റ്ററുകൾ ഇല്ലാത്തിനാലാകും സുരക്ഷാപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ബെൽ 212 തുടർന്നും ഉപയോഗിച്ചത്.

കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും ഡബിൾ എൻജിൻ സൗകര്യങ്ങളും ഉണ്ടെങ്കിലും പലപ്പോഴും ഇതിന്റെ രണ്ടാമത്തെ എൻജിൻ പണിമുടക്കാറുണ്ടെന്നാണ് പ്രധാന പരാതി. ഇറാൻ പ്രസിഡന്റ് റെയ്സിയുടെ മരണത്തിനു മുൻപ്, 2023 സെപ്റ്റംബറിൽ മറ്റൊരു ബെൽ 212 യുഎഇ തീരത്ത് തകർന്നുവീണിരുന്നു. ആ അപകടം ആരുടെയും ജീവൻ കവർന്നില്ല.

എന്നാൽ 2018ൽ ഉണ്ടായ സമാനസംഭവത്തിൽ നാലുപേർ മരിച്ചതായി ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1978 ജൂൺ മൂന്നിന് അബുദാബിയിൽ ഒരു ബെൽ 212 അപകടത്തിൽ 15 പേരുടെ ജീവനാണ് നഷ്ടമായത്.

ഇന്ന് ആഗോളതലത്തിൽ സർക്കാരുകളും സ്വകാര്യ ഓപ്പറേറ്റർമാരും ഉപയോഗിച്ചുവരുന്ന ബെൽ 212 ഹെലികോപ്റ്റർ വിയറ്റ്നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച് - 1 എൻ ‘ട്വിൻ ഹ്യൂയി’യുടെ സിവിലിയൻ പതിപ്പാണ്. ഇന്ന് ബെൽ ടെക്‌സ്‌ട്രോൺ എന്ന് പേരുള്ള ബെൽ ഹെലികോപ്റ്റർ, 1960 കളുടെ അവസാനത്തിൽ കനേഡിയൻ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചതാണ്. രണ്ട് ടർബോഷാഫ്റ്റ് എൻജിനുകൾ വന്നതോടെ കൂടുതൽ ഭാരം വഹിക്കാനുള്ള കഴിവ് അതിനുണ്ടായി.

1971ൽ ഔദ്യോഗികമായി പുറത്തിറക്കിയ ബെൽ 212ന് അമേരിക്കയിലും കാനഡയിലും അതിവേഗം ആരാധകരുണ്ടായി. പക്ഷേ ഇന്ന് ബെൽ 212ന് പഴയ പ്രതാപം ഇല്ല. കൂടുതൽ മികച്ച പതിപ്പുകൾ ഇറങ്ങിയതും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തതും ബെല്ലിനെ വില്ലനാക്കി.

English Summary:

Features of US-made Bell-212 helicopter Iran President Raisi was on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com