അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; തണുപ്പൻ പ്രതികരണം, വൈകിട്ട് 7 മണി വരെ 57.38% പോളിങ്

Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ഏറ്റവും കുറച്ചു മണ്ഡലങ്ങിൽ പോളിങ് നടന്നത് ഈ ഘട്ടത്തിലാണ്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങൾ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടന്നു.
ഉത്തർപ്രദേശ് (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 695 സ്ഥാനാർഥികളാണു ജനവിധി തേടിയത്. ബംഗാളിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്– 73%. മഹാരാഷ്ട്രയിലാണ് കുറവ് പോളിങ്- 48.88%. ബിഹാറിൽ 52.55%, ജമ്മുകശ്മീരിൽ 54.21%, ജാർഖണ്ഡിൽ 63%, ഒഡീഷയിൽ 60.72%, ഉത്തർപ്രദേശിൽ 57.43%, ലഡാക്കിൽ 67.15% എന്നിങ്ങനെയാണു പോളിങ്. അന്തിമ കണക്കിൽ മാറ്റം വരാൻ സാധ്യതയുണ്ട്.
രാഷ്ട്രീയ– സിനിമ മേഖലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി, വ്യവസായി അനിൽ അംബാനി, നടൻ അക്ഷയ് കുമാർ തുടങ്ങിയവർ വോട്ട് ചെയ്തു. ബംഗാളിൽ ബിജെപി–തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഹൂഗ്ലിയിൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ആക്രമിക്കപ്പെട്ടു. മറ്റൊരു സംഘർഷത്തിൽ ബിജെപിയുടെ പ്രാദേശിക നേതാവിനും പരുക്കേറ്റു. സാൽകിയയിൽ സിപിഎം പാർട്ടി ഓഫിസ് അടിച്ചുതകർത്തു.
ബംഗാളിലെ ബാരക്പുരിൽ വോട്ടർമാരെ തൃണമൂൽ കോൺഗ്രസ് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപി രംഗത്തെത്തി. പ്രദേശത്ത് ബിജെപി സ്ഥാനാർഥി അർജുൻ സിങ്ങും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. രാഹുൽ ഗാന്ധി, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്, ചിരാഗ് പാസ്വാൻ, ഒമർ അബ്ദുല്ല, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ തുടങ്ങിയവരായിരുന്നു അഞ്ചാംഘട്ട തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർഥികൾ.