പരിശോധനാഫലം പോസിറ്റീവ്; 5 വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

Mail This Article
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇന്നലെ പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം അറിയിച്ചു.
രോഗ ലക്ഷണങ്ങളുമായി 13 മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മലപ്പുറം മൂന്നിയൂർ സ്വദേശിയായ ഫദ്‌വ.
നട്ടെല്ലിൽ നിന്നുള്ള സ്രവത്തിന്റെ പരിശോധന മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിൽ നടത്തിയിരുന്നെങ്കിലും സ്ഥിരീകരിക്കാനാണ് പിസിആർ ടെസ്റ്റിനായി പോണ്ടിച്ചേരിയിലേക്ക് അയച്ചത്. 10 ദിവസത്തിനുശേഷമാണ് പരിശോധനാഫലം ലഭിച്ചത്. അതേസമയം, നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റ് നാല് കുട്ടികളും ഇന്നലെ ആശുപത്രി വിട്ടു.