ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം; ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Mail This Article
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ക്ഷമാപണം നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഇറക്കിയ സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. പട്ടികയിൽ ഉൾപ്പെട്ട, നിലവിലെ സ്കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവർ പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജിഇ ഈ മാസം നാലിന് സർക്കുലർ ഇറക്കിയതാണ് കോടതിയലക്ഷ്യത്തിന് ഇടയാക്കിയത്.
സർക്കുലർ റദ്ദാക്കിയതായി മാപ്പപേക്ഷിച്ചു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും. ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ചട്ടപ്രകാരം വെയിറ്റേജ് നൽകി സ്ഥലംമാറ്റ പട്ടിക തയാറാക്കണമെന്ന കഴിഞ്ഞ ഒക്ടോബറിലെ ട്രൈബ്യൂണലിന്റെ വിധിക്കു വിരുദ്ധമായി പട്ടിക തയാറാക്കിയതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെ മറ്റൊരു കോടതിയലക്ഷ്യ കേസും നിലവിലുണ്ട്. ഇതും 24ന് പരിഗണിക്കും.
സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയപ്പോൾ, ചട്ട പ്രകാരമുള്ള പുതിയ പട്ടിക ഒരു മാസത്തിനുള്ളിൽ തയാറാക്കി സ്കൂൾ തുറക്കും മുൻപ് സ്ഥലം മാറ്റം നടത്തണമെന്നാണ് കഴിഞ്ഞ മാസം 12ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്. അതിനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല.