‘റഈസിയുടേത് രക്തം പുരണ്ട കൈകൾ; ജീവിതാവസാനം വരെ യുഎസിന്റെ ഉപരോധ പട്ടികയിൽ’
Mail This Article
വാഷിങ്ടൻ ∙ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടേത് രക്തം പുരണ്ട കൈകളെന്ന് യുഎസ്. റഈസിയുടെ നിര്യാണത്തിൽ വാഷിങ്ടൻ ഔദ്യോഗികമായി അനുശോചനം അറിയിച്ചതിനു പിന്നാലെയാണ് പുതിയ പ്രതികരണം. ഒരുപാടു പേരുടെ രക്തം പുരണ്ട കൈകളാണ് റഈസിയുടേതെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളിലും ഹമാസ് ഉൾപ്പെടെയുള്ള സംഘടനങ്ങൾക്ക് പിന്തുണ നൽകുന്നതിലും റഈസി ഉത്തരവാദിയാണെന്നും കിർബി പറഞ്ഞു.
എന്നാൽ റഈസിയ്ക്ക് ജീവഹാനിയുണ്ടായതിൽ യുഎസിന് ദുഃഖമുണ്ടെന്നും ഉചിതമായ രീതിയിൽ ഔദ്യോഗിക അനുശോചനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതാവസാനം വരെ യുഎസിന്റെ ഉപരോധപ്പട്ടികയിലുണ്ടായിരുന്നയാളാണ് റഈസി. ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ജഡ്ജിയായിരിക്കുമ്പോൾ 1988ൽ ഇറാൻ–ഇറാഖ് യുദ്ധത്തിനുശേഷം രാഷ്ട്രീയത്തടവുകാരായ അയ്യായിരത്തിലേറെപ്പേരെ വിചാരണയില്ലാതെ തൂക്കിലേറ്റാൻ വിധിച്ച സംഭവത്തെത്തുടർന്നാണ് റഈസിക്കെതിരെ യുഎസ് ഉപരോധമേർപ്പെടുത്തിയത്.