ഇത്തവണ രാഹുലിന്റെ വോട്ട് കോൺഗ്രസിനല്ല; മഞ്ഞുരുക്കം ഇന്ത്യാസഖ്യത്തിന് തുണയാകുമോ?

Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് വോട്ട് ചെയ്യാതെ ഗാന്ധി കുടുംബം. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് ആം ആദ്മി സ്ഥാനാർഥിയായ സോമനാഥ് ഭാരതിക്കാണ്. ഭരണകക്ഷിയായ ബിജെപിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നതകൾ മറന്ന് കോൺഗ്രസും എഎപിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ മുന്നണിയുടെ കീഴിൽ അണിനിരന്നാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സീറ്റ് വിഭജനവും.
ഡൽഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ നാലിൽ എഎപിയും മൂന്നിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇതിൽ സോണിയയ്ക്കും രാഹുലിനും വോട്ടുള്ള ന്യൂഡൽഹി ലോക്സഭാ മണ്ഡലം എഎപിയുടേതാണ്. എഎപിയുടെ സോമനാഥ ഭാരതി ബിജെപിയുടെ ബാൻസുരി സ്വരാജിനോടാണ് ഇവിടെ മത്സരിക്കുന്നത്.

ഒരുപക്ഷേ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരക്കും ഗാന്ധി കുടുംബാംഗങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ കോൺഗ്രസിന് വോട്ട് ചെയ്യാതെ എഎപിക്ക് വോട്ട് രേഖപ്പെടുത്തുന്നത്. ‘‘ഭിന്നതകൾ മാറ്റിവച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടി വോട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്’’– എന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രിയങ്ക മറുപടി നൽകിയത്.
ഏകദേശം ഒൻപതരയോടെ മൗലാനാ ആസാദ് റോഡിലെ നിർമൻ ഭവനിലെ പോളിങ് ബൂത്തിലെത്തിയ സോണിയയും രാഹുലും വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിനു മുന്നിൽനിന്ന് സെൽഫി എടുത്തിരുന്നു. വോട്ട് രേഖപ്പെടുത്താൻ പ്രിയങ്കയും റോബർട്ട് വദ്രയും മക്കളും എത്തിയിരുന്നു. പ്രിയങ്കയുടെ മക്കളായ റെയ്ഹാന്റെയും മിരയയുടെയും കന്നിവോട്ടായിരുന്നു.
കോൺഗ്രസിന്റെ തട്ടകമായിരുന്നു ഡൽഹി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും കരസ്ഥമാക്കി സമ്പൂർണ വിജയം ഇവിടെ നേടിയ കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുന്നത് എഎപിയുടെ വരവോടെയാണ്. ബിജെപി എന്ന ഒറ്റലക്ഷ്യത്തിനുമുന്നിൽ മഞ്ഞുരക്കത്തിന്റെ പാത സ്വീകരിച്ച കോൺഗ്രസും എഎപിയും ആദ്യമാണ് ഇവിടെ ഒന്നിച്ച് മത്സരിക്കുന്നത്.