തഞ്ചാവൂർ രാമലിംഗം കൊലക്കേസ്: വിവരം നൽകിയാൽ 1 പ്രതിക്ക് 5 ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപ

Mail This Article
കോയമ്പത്തൂർ∙ തഞ്ചാവൂർ രാമലിംഗം കൊലക്കേസിലെ പ്രതികളെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചു. കേസിൽ പിടികിട്ടാപ്പുള്ളികളായ 5 പ്രതികളെ കുറിച്ചുള്ള വിവരം നൽകിയാൽ 5 ലക്ഷം രൂപ വീതം 25 ലക്ഷം രൂപ നൽകുമെന്നാണു പ്രഖ്യാപനം. ഇതു സംബന്ധിച്ചു കോയമ്പത്തൂരിൽ വിവിധയിടങ്ങളിൽ പ്രതികളുടെ ചിത്രങ്ങൾ സഹിതം നോട്ടിസ് പതിച്ചിട്ടുണ്ട്.
തഞ്ചാവൂർ സ്വദേശികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരുമായ മുഹമ്മദലി ജിന്ന (39), അബ്ദുൽ മജീദ് (43), ബുർക്കാനുദ്ദീൻ (34), ഷാഹുൽ ഹമീദ് (33), നഫീൽ ഹസൻ (33) എന്നിവരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളാണു പതിച്ചത്. ചെന്നൈയിലെ ഓഫിസിലോ 9499945100, 9962361122 എന്നീ ഫോൺ നമ്പറുകളിലോ ഇവരെ കുറിച്ചുള്ള വിവരം നൽകാമെന്നാണ് അറിയിപ്പിലുള്ളത്.
2019 ഫെബ്രുവരി 5നാണ് തഞ്ചാവൂർ ത്രിഭുവനത്തു പാട്ടാളി മക്കൾ കക്ഷി നേതാവും പാത്രക്കച്ചവടക്കാരനുമായ രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ 13 പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച 5 പേരെ കണ്ടെത്താൻ സാധിക്കാത്തതിന് തുടർന്നാണു തുക പ്രഖ്യാപിച്ചത്.