‘പൊലീസ് അയാളെ രക്ഷപ്പെടാൻ സഹായിച്ചു; രാത്രിയാത്ര ഒഴിവാക്കാൻ ‘ഉപദേശിച്ചത്’ വനിതാ പൊലീസ്’

Mail This Article
കോട്ടയം∙ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വയോധികൻ മോശമായി പെരുമാറിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥിനി പി.ലക്ഷ്മി. മോശമായി പെരുമാറിയ വ്യക്തിക്ക് രക്ഷപ്പെടാൻ തിരുച്ചിറപ്പള്ളി പൊലീസ് അവസരമൊരുക്കിയതായി ലക്ഷ്മി മനോരമ ഓൺലൈനിനോട് പറഞ്ഞു. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് ലക്ഷ്മിക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തിനൊപ്പം ചെന്നൈ എഗ്‌മോർ – കൊല്ലം എക്സ്പ്രസിന്റെ 18, 19 സീറ്റുകളായിരുന്നു ലക്ഷ്മിയുടെയും സുഹൃത്തിന്റെയും യാത്ര. ഇതേ കോച്ചിലെ 17–ാം നമ്പർ സീറ്റിൽ ഇരുന്ന തമിഴ്നാട് സ്വദേശി മോശമായി പെരുമാറിയെന്നാണ് ലക്ഷ്മിയുടെ ആരോപണം.
‘‘ട്രെയിനിൽ കയറിയ സമയത്ത് ഫോൺ സ്വിച്ച് ഓഫായിരുന്നു. ഈ സമയത്ത് അയാൾ ഫോൺ ചാർജ് ചെയ്യുകയായിരുന്നു. ഫോൺ ചാർജ് ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞുമാത്രമേ പറ്റൂ എന്നായിരുന്നു അയാളുടെ പ്രതികരണം. വിരുദാചലം കഴിഞ്ഞ സമയത്ത് ഫോൺ ചാർജിൽ ഇടാൻ ബർത്തിൽ നിന്നിറങ്ങി. ഫോൺ ഓഫാണ്, കുത്തിയിടണമെന്നു പറഞ്ഞ് ഞാൻ അയാളുടെ ഫോൺ ഊരി കിടക്കുന്നിടത്ത് വച്ചു.
‘‘ഉടൻ തന്നെ അയാൾ എഴുന്നേറ്റ് എന്റെ ഫോൺ ഊരി നിലത്തിട്ടു. വീണ്ടും ചാർജിൽ ഇടാൻ ശ്രമിച്ചെങ്കിലും അയാൾ ഫോൺ വീണ്ടും ഊരി നിലത്തിട്ടു. കയ്യിൽ അടിക്കുകയും ചെയ്തു. തുടർന്ന് ഞങ്ങൾ പരാതി നൽകുമെന്ന് പറഞ്ഞു. തിരുച്ചിറപ്പള്ളി എത്തിയപ്പോൾ ഇയാൾ ഇറങ്ങി ഓടി.’’
‘‘ഗൂഗിളിൽനിന്ന് നമ്പർ എടുത്ത് നിരവധി തവണ റെയിൽവേയിൽ വിളിച്ച് പരാതി നൽകി. പൊലീസ് കൺട്രോൾ റൂമിലും വിളിച്ചു. റെയിൽ മദാദിലും പരാതി നൽകിയിരുന്നു. അയാളെ പിടിച്ചുവച്ചു കൂടായിരുന്നോ എന്നായിരുന്നു തിരിച്ചിറപ്പള്ളിയിൽ ഇറങ്ങിയപ്പോൾ പൊലീസ് ഞങ്ങളോടു ചോദിച്ചത്. പൊലീസിനോട് സംസാരിക്കുന്ന സമയത്ത് അയാൾ ടാക്സി വിളിക്കുന്നുണ്ടായിരുന്നു. അയാളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലായിരുന്നു പൊലീസ് സമീപനം.
‘‘അയാളെ കിട്ടിയാൽ അടി കൊടുത്തോളാമെന്നു പൊലീസ് പറഞ്ഞു. അയാളുടെ മുഖം പോലും അവർ കണ്ടിട്ടില്ല. മാത്രമല്ല, മലയാളിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ വിളിച്ച് രാത്രിയിലെ യാത്ര കഴിവതും ഒഴിവാക്കണമെന്നും പറഞ്ഞു. സാധാരണ സംഭവിക്കുന്ന വിഷയം എന്ന രീതിയില്‍ വളരെ ലാഘവത്തോടെയാണ് പൊലീസ് ഞങ്ങളോട് പെരുമാറിയത്. കൊല്ലം സ്റ്റേഷനിൽ ഇറങ്ങിയ പൊലീസിനോട് വിഷയം അവതരിപ്പിച്ചപ്പോൾ തിരുച്ചിറപ്പള്ളിയിലായിരുന്നു പരാതി കൊടുക്കേണ്ടതെന്നായിരുന്നു മറുപടി.’’– യുവതി വിശദീകരിച്ചു.