ADVERTISEMENT

പത്തനംതിട്ട ∙ ഇക്കുറി രാജ്യത്തു പലയിടത്തും കാലവർഷം പതിവിലും കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. 106 % വരെ മഴ ലഭിക്കാനാണു സാധ്യത. കേരളത്തിലും അധികമഴ ഉറപ്പാണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ മഹാപത്ര ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി.

ജൂണിൽ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴ പ്രതീക്ഷിക്കാം – കേരളത്തിനുള്ള മുന്നറിയിപ്പ് പറയാതെ പറഞ്ഞുവച്ച് മഹാപത്ര വ്യക്തമാക്കി. മറ്റു മൂന്നു മാസങ്ങളിലെ മഴസാധ്യത ജൂൺ അവസാനം പ്രഖ്യാപിക്കും.

റൂമാൽ ചുഴലി മൺസൂണിനെ ബാധിക്കില്ല

റുമാൽ ചുഴലിക്കാറ്റ് മൺസൂണിന്റെ വരവിനെ ബാധിച്ചിട്ടില്ലെന്നും അടുത്ത അഞ്ചു ദിവസത്തിനകം തെക്കു പടിഞ്ഞാറൻ കാലവർഷം പതിവുപോലെ കേരളത്തിൽ എത്തുമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 31 ന് മഴ കേരളത്തിൽ എത്തുമെന്ന് ഏപ്രിലിൽത്തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. കശ്മീർ, വടക്കുകിഴക്കൻ മേഖലയിലെ ചില സംസ്ഥാനങ്ങൾ തുടങ്ങി ചിലയിടങ്ങൾ ഒഴിച്ചാൽ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കാനാണ് ഇക്കുറി സാധ്യത. ഉത്തരേന്ത്യയിൽ 50 ഡിഗ്രി വരെ എത്തിയ ഉഷ്ണതരംഗത്തിനു 30–ാം തീയതിയോടെ ശമനമാകും. അറബിക്കടലിൽ നിന്നുള്ള ഈർപ്പവുമായി പശ്ചിമ വാതങ്ങൾ (വെസ്റ്റേൺ ഡിസ്റ്റർബൻസസ്) എത്തുന്നതാണ് കാരണം.

എൽ നിനോ പ്രഭാവം മങ്ങി; ലാ നിനോയിലേക്ക് വഴിമാറ്റം

എൽ നിനോയുടെപ്രഭാവം കുറഞ്ഞ് മധ്യമ (ന്യൂട്രൽ) സ്ഥിതിയിലേക്ക് സമുദ്രതാപനില മാറുകയാണെന്നും ഓഗസ്റ്റോടെ ഇത് മഴയ്ക്ക് അനുകൂലമായ ലാ നിന സാഹചര്യം സൃഷ്ടിക്കുമെന്നും മഹാപത്ര പറഞ്ഞു. ഇന്ത്യയിലെ മഴയെ ത്വരിതപ്പെടുത്തുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്ന മഴപ്പാത്തിയും അനുകൂലമാകാനാണു സാധ്യത.

അപൂർവ കാലാവസ്ഥകളുടെ മേയ്

താപതരംഗം, കനത്ത മഴ, ചുഴലിക്കാറ്റ് എന്നീ മൂന്നുതരം കാലാവസ്ഥാ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോയ അപൂർവ മാസമായിരുന്നു മേയ് എന്ന് ഐഎംഡി മേധാവി പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ അനുഭവപ്പെടുന്ന താപതരംഗം 30–ാം തീയതിയോടെ കുറയും. മേയിൽ രാജ്യസ്ഥാനിൽ 11 ദിവസവും തമിഴ്നാട്ടിൽ 7 ദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടു. ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങി ഉത്തരേന്ത്യ മുഴുവൻ ഈ വർഷവും താപതരംഗത്തിന്റെ പിടിയിലായി.

മേയിൽ വേനൽമഴയുടെ കാരുണ്യം ഏറ്റവും കൂടുതൽ ലഭിച്ചത് കേരളത്തിനായിരുന്നു. കുറച്ചു തമിഴ്നാടിനും കിട്ടി. ദക്ഷിണ കർണാടകത്തിലും മഴ സാന്നിധ്യമറിയിച്ചു. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ അതിതീവ്ര ഉഷ്ണതരംഗം അനുഭവപ്പെട്ടു എന്നു മാത്രമല്ല, രാത്രികാലത്തും ഉയർന്ന താപനില അനുഭവപ്പെട്ടു.

15 ദിവസം മുൻപേ ചുഴലി പ്രവചിച്ച് ഇന്ത്യ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റൂമാൽ ചുഴലി ബംഗ്ലദേശിലേക്കു കടന്ന് ഞായർ രാത്രിയോടെ കര തൊട്ടു. കൊൽക്കത്തയിൽ ഉൾപ്പെടെ മഴ ലഭിക്കുന്നുണ്ട്. 15 ദിവസം മുമ്പേ ഈ ചുഴലിയെപ്പറ്റി മുന്നറിയിപ്പു നൽകി മികവു തെളിയിക്കാൻ കാലാവസ്ഥാ വകുപ്പിനു കഴിഞ്ഞെന്ന് മഹാപത്ര പറഞ്ഞു.

ബംഗ്ലദേശ്, മാലദ്വീപ്, മ്യാൻമർ തുടങ്ങിയ അയൽരാജ്യങ്ങളെയും വിവരം മുൻകൂട്ടി ധരിപ്പിക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സാന്നിധ്യം ഒന്നുകൂടി അയൽ രാജ്യങ്ങൾക്കു കൂടി പ്രയോജനപ്പെടുന്നതാണെന്നു തെളിയിക്കാൻ കഴിഞ്ഞു. 22 മുതലേ ചുഴലിയുടെ പാതയും മുൻകൂട്ടി പറയാൻ കഴിഞ്ഞു. പ്രവചിച്ച വഴിയിലൂടെയാണ് ചുഴലി കടന്നു വന്നതെന്നതും ഐഎംഡി ഉപഗ്രഹ ശൃംഖലയുടെ മികവു തെളിയിച്ചു. കൊൽക്കത്ത ഡംഡം മേഖലയിൽ 99 കിലോമീറ്റർ വേഗമുള്ള കാറ്റ് രേഖപ്പെടുത്തി.

English Summary:

'Monsoon :Chance of excess rain; Be careful', says IMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com