ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി നിര്‍മിക്കാനൊരുങ്ങുന്ന വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയിൽപാതയ്ക്ക് പരിസ്ഥിതി അനുമതി നൽകാൻ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തു. സമിതിയുടെ നിര്‍ദേശം ലഭിച്ചതോടെ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കും. അനുമതി ലഭിച്ചാല്‍ വിഴിഞ്ഞം രാജ്യാന്തര സീപോര്‍ട്ട് ലിമിറ്റഡിന് വര്‍ക്ക് ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ കൊങ്കണ്‍ റെയില്‍വേയോട് ആവശ്യപ്പെടാന്‍ കഴിയും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നിര്‍മാണം നടത്താനാവൂ.

2011ലെ തീരദേശ നിയന്ത്രണ മേഖല (സിആര്‍എസ്) വിജ്ഞാപനം അനുസരിച്ചാവണം നിര്‍മാണമെന്ന് വിദഗ്ധ വിലയിരുത്തല്‍ സമതി നിര്‍ദേശിച്ചു. ഈ മേഖലയില്‍ ഈ വിജ്ഞാപനപ്രകാരമല്ലാതെയുള്ള ഒരു നിര്‍മാണവും നടത്താന്‍ പാടില്ല. 1981ലെ വായു, ജലം മലിനീകരണ നിയന്ത്രണ നിയമപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉറപ്പാക്കണം. ടണലിനായി നീക്കുന്ന മണ്ണ് നിക്ഷേപിക്കല്‍ മൂലം തീരമേഖലയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

കേന്ദ്ര പരിസ്ഥിതി മന്ത്രലയത്തിന്റെ വിദഗ്ധ സമിതി അനുമതി ലഭിച്ചുവെന്നും കേന്ദ്ര ഉത്തരവിനു വേണ്ടി കാത്തിരിക്കുകയാണെന്നും പദ്ധതി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാന മന്ത്രിസഭാ യോഗം അടുത്ത ദിവസം ഡിപിആറിന് അംഗീകാരം നല്‍കും. റെയില്‍ സാഗര്‍ അല്ലെങ്കില്‍ സാഗര്‍മാല പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പദ്ധതിക്കായി വിഴിഞ്ഞത്തും ബാലരാമപുരത്തും ഭൂമി ഏറ്റെടുക്കല്‍ മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കും. ഇതിനായി 198 കോടി അനുവദിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

vizhinjam-rail
വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയിൽപാതയുടെ മാപ്പ്

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന റെയിൽപാതയില്‍ 9.5 കി.മീ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് 1,402 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം - ബാലരാമപുരം റോഡിന്റെ അതേ അലൈന്‍മെന്റില്‍ ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക.

English Summary:

Vizhinjam-Balaramapuram underground Railway: Environmental clearance given by expert committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com