നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ യുവ വനിതാ ഡോക്ടറെ കടിച്ചത് പാമ്പല്ല, എലിയെന്ന് ഡോക്ടർമാർ
Mail This Article
ഷൊർണൂർ∙ ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയെ കടിച്ചതു പാമ്പല്ല, എലി. കാലിലെ ചെറിയ മുറിവ് എലി കടിച്ചതാകാമെന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. യാത്രക്കാരി സഞ്ചരിച്ചിരുന്ന ബോഗിയിൽ നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തിയിരുന്നു. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. വിദഗ്ധ പരിശോധനയിൽ വിഷാംശം കണ്ടെത്താനായില്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഡോ. ഗായത്രി ആശുപത്രി വിട്ടു.
ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം. വാണിയമ്പലത്തുനിന്നാണ് ഗായത്രി ട്രെയിനിൽ കയറിയത്. വല്ലപ്പുഴയെത്തുന്ന സമയത്താണ് കാലിലെന്തോ കടിച്ചതായി സംശയം തോന്നിയത്. ചെറിയ മുറിവും കണ്ടു. തുടർന്നു തപ്പിയപ്പോൾ പാമ്പിനെ കണ്ടില്ല. പിന്നാലെ വല്ലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി ആശുപത്രിയിലേക്കു പോയി.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിശോധിച്ച ഡോക്ടർമാർക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. രക്തത്തിൽ വിഷാംശം ഉള്ളതായി കണ്ടെത്താായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ട്രെയിൻ നിലമ്പൂർ സ്റ്റേഷനിലെത്തിയപ്പോൾ വിശദമായി പരിശോധിച്ചെങ്കിലും ബോഗിക്കുള്ളിൽ കണ്ടെത്തിയതു ഒരു എലിയെയാണ്. പാമ്പിനെ കണ്ടെത്തിയില്ല. ട്രെയിനിന്റെ അടി ഭാഗവും പരിശോധിച്ചു.