ആരോപണം വന്നാൽ മൗനത്തിന്റെ മാളത്തിൽ ഒളിക്കുകയാണ് മുഖ്യമന്ത്രിയുടെ രീതി :വിഡി സതീശൻ

Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും അവരുടെ കമ്പനിയായ എക്സാലോജിക്കിനുമെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്എന്‍സി ലാവ്ലിന് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നും പണം വന്നെന്നതാണ് ആരോപണം. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളില്‍ നിന്നും പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
‘‘മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ മകളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ഇത് ശരിയാണോയെന്ന് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. ആരോപണം തെറ്റാണെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. ആരോപണം വന്നാല്‍ മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ പതിവ് രീതി. ഇക്കാര്യത്തിലും അങ്ങനെ ചെയ്താല്‍ ആരോപണം ശരിയാണെന്ന് വരും. ഈ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി നിഷേധിച്ചാല്‍ ഇതേക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ പറയാം’’, സതീശൻ പറഞ്ഞു.
എസ്എഫ്ഐഒയുടെയും ഇ.ഡിയുടെയും അന്വേഷണം ഒരു കേസിലും എങ്ങുമെത്തിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കരുവന്നൂരില്‍ സിപിഎമ്മുകാരെ ഇപ്പോള്‍ പിടിക്കുമെന്ന തോന്നലുണ്ടാക്കി. എന്നിട്ട് ഏതെങ്കിലും സിപിഎം നേതാവിനെ അറസ്റ്റു ചെയ്തോ? ബിജെപി ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎം നേതാക്കളെ വിരട്ടി നിര്‍ത്തുകയായിരുന്നു. വേറെ ചില സ്ഥലങ്ങളില്‍ എസ്എഫ്ഐഒ ഇപ്പോള്‍ വരുമെന്ന് പറഞ്ഞിട്ടും ഇതുവരെ ഒരാളെ പോലും ചോദ്യം ചെയ്തില്ലെന്നും സതീശൻ പറഞ്ഞു.