ബിജെപി വിരുദ്ധ പ്രചാരണത്തിനുള്ള ഇസ്രയേൽ കമ്പനിയുടെ ശ്രമം തകർത്തെന്ന് ഓപ്പൺ എഐ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ പ്രചാരണം നടത്താനുള്ള ഇസ്രയേൽ കമ്പനിയുടെ ശ്രമം തടഞ്ഞെന്ന് ഓപ്പൺ എഐ. ബിജെപി വിരുദ്ധ ലേഖനങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചുകൊണ്ടുള്ള ക്യാംപെയ്നാണ് കടിഞ്ഞാണിട്ടതെന്ന് ഓപ്പൺ എഐ റിപ്പോർട്ടിൽ പറഞ്ഞു.
‘സ്റ്റോയിക്’ എന്ന പേരിലുള്ള ഇസ്രയേൽ കമ്പനി ‘സീറോ സെനോ’ എന്ന പേരിലാണ് ബിജെപി വിരുദ്ധ പ്രചാരണം നടത്തിയത്. ടെലഗ്രാം, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ചെറു കമന്റുകളായും ലേഖനങ്ങളുമായാണ് വലിയതോതിൽ പ്രചാരണം നടത്തിയത്.’– വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ഓപ്പൺ എഐ വ്യക്തമാക്കി. ചൈന, റഷ്യ, ഇറാൻ എന്നിവിടങ്ങളിലും ഇതേ മാതൃകയിൽ കമ്പനി പ്രചാരണം നടത്താൻ ശ്രമിച്ചെന്നും അത് തടഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയപാർട്ടികൾക്കു വേണ്ടിയാണ് ഇത്തരം ഇടപെടലുകളെന്നും ബിജെപിയാണ് അന്നും ഇന്നും വിദേശ ഇടപെടലുകളുടെയും ഇത്തരം ആക്രമണങ്ങളുടെയും ലക്ഷ്യമെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.