ഇറാനിലേക്ക് അവയവക്കടത്ത്: വലവിരിച്ച് കേരള പൊലീസ്, മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ
Mail This Article
കൊച്ചി ∙ ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പൊലീസ് പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും കേസിൽ നേരത്തേ അറസ്റ്റിലായ സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.
ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി സാബിത്തിനെ ബന്ധിപ്പിച്ചത്. കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞെന്നും, ഇതിനു പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ആലുവ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണച്ചുമതല. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് 2019 മുതൽ അവയവക്കച്ചവടത്തിന് ഇറാനിലേക്കു സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ശ്രീലങ്കയിലും കുവൈത്തിലും ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണു സാബിത്ത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പെടെ സംഘടിപ്പിച്ചായിരുന്നു ഇടപാടുകൾ ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവം നൽകുന്നവർക്ക് പരമാവധി ലഭിച്ചിരുന്നത് 6 ലക്ഷംരൂപയാണ്. സംഘത്തിന് പത്തുലക്ഷംരൂപയിൽ അധികം ലഭിച്ചിരുന്നു.