‘കേരളത്തിൽ ബിജെപിക്കുണ്ടാവുക കോഴിമുട്ട ആകൃതി; എക്സിറ്റ് പോൾ കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണും’

Mail This Article
തിരുവനന്തപുരം∙ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ സർവേ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുരളീധരനെ ബോധം കെടുത്തുന്ന സർവേ റിപ്പോർട്ടാണിത്. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ജയിക്കുമെന്ന് വി.മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും. തൃശൂരിലെ 7 നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കും. പരമാവധി 25,000 വോട്ട് മാത്രമേ ബിജെപിക്ക് കൂടുകയുള്ളൂ. എൽഡിഎഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ. കേരളത്തിൽ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്നും മുരളീധരൻ പറഞ്ഞു. 48 മണിക്കൂർ കഴിയുമ്പോൾ തിരഞ്ഞെടുപ്പിന്റെ പൂർണചിത്രം കിട്ടും. മോദിയ്ക്ക് കൈ കൊടുക്കാൻ ഒരാൾ പോലും ഡൽഹിയിക്ക് പോകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.