‘ഭയപ്പെടരുത്, ഭരണഘടനാപരമല്ലാത്ത കാര്യങ്ങൾക്ക് വഴങ്ങരുത്’: ഉദ്യോഗസ്ഥരോട് ഖർഗെ

Mail This Article
ന്യൂഡൽഹി∙ ഭരണഘടനയെ മുൻനിർത്തി, ആരെയും ഭയപ്പെടാതെയും സമ്മർദത്തിന് വിധേയരാകാതെയും തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കാൻ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘ഉരുക്കു ചട്ടമെന്നാണ്’ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ ഉദ്യോഗസ്ഥരെ വിശേഷിപ്പിച്ചത്. ഭരണഘടന അടിസ്ഥാനമാക്കി രാജ്യത്ത് നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചത് കോൺഗ്രസാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വതന്ത്ര സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഭരിക്കുന്ന പാർട്ടി നടത്തുന്നതെന്ന് ഖർഗെ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങള്‍ക്ക് നാശം വരുത്തുന്നു. ചില സ്ഥാപനങ്ങൾ അവരുടെ സ്വാതന്ത്യം നഷ്ടപ്പെടുത്തി ഭരണപക്ഷ പാർട്ടിയുടെ നയങ്ങളെ പിന്തുടരുകയാണ്. ഇതവരുടെ മാത്രം കുഴപ്പമല്ല. ഭീഷണിപ്പെടുത്തിയും ഏജൻസികളെ തെറ്റായി ഉപയോഗിച്ചുമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഭരണഘടനാപരമല്ലാത്ത കാര്യങ്ങൾക്ക് വഴങ്ങരുതെന്നും ഖർഗെ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു.