തടി പരിശോധിക്കാൻ എത്തിയ വനപാലക സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി
Mail This Article
സീതത്തോട് (പത്തനംതിട്ട) ∙ റോഡിൽ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാൻ എത്തിയ വനപാലക സംഘത്തെ സിപിഎം കർഷകസംഘം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതായി പരാതി. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റിട്ടും പൊലീസ് കേസ് എടുക്കാൻ തയാറായില്ലെന്നു വനപാലകർ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കു വിളക്കു പാറയ്ക്കു സമീപം വച്ചാണ് സംഭവം. സിപിഎം നേതാവ് ജേക്കബ് വളയം പള്ളിയുടെ നേതൃതത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് വനപാലകർ ചിറ്റാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.സുരേഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അമ്മു ഉദയൻ എന്നിവർ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടിയിരുന്നു.
അതേസമയം കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനെ ചൊല്ലി കുറെ നാളുകളായി തർക്കം നിലനിൽക്കുകയാണ്. വനപാലകർ അനാവശ്യമായി ഇടപെട്ട് തർക്കം ഉന്നയിക്കുകയും പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇടപെടുകയും മാത്രമാണ് ഉണ്ടായതെന്ന് സ്ഥലത്ത് തടിച്ച് കൂടിയ കർഷകർ പറയുന്നു.