എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്; സ്വപ്ന സുരേഷ് കോടതിയിലെത്തി ജാമ്യമെടുത്തു

Mail This Article
തളിപ്പറമ്പ്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായാണ് ജാമ്യം എടുത്തത്. കേസ് ഇനി ജൂൺ 25ന് പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം എടുത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വർണക്കടത്ത് ആരോപണങ്ങളിൽനിന്ന് പിൻവാങ്ങാൻ വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് വാട്സാപ്പിലൂടെ ആരോപണം നടത്തിയിരുന്നു. ഇതിനെതിരെയാണ് എം.വി. ഗോവിന്ദൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്.
അതേസമയം എം.വി.ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. 30 കോടി രൂപയുടെ മാനനഷ്ടത്തിന് ക്രിമിനൽ കേസ് നൽകിയ എം.വി. ഗോവിന്ദൻ ചുണയുണ്ടെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സിവിൽ കേസ് നൽകട്ടെ എന്ന് സ്വപ്നക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എറണാകുളം സ്വദേശി കൃഷ്ണരാജ് പറഞ്ഞു.