ADVERTISEMENT

അങ്കമാലി∙ ഏറെ സങ്കടകരമായ വാർത്ത കേട്ടാണ് അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം നിവാസികൾ ശനിയാഴ്ച രാവിലെ എഴുന്നേറ്റത്. തൊട്ടടുത്തുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയ്ക്കു തീപിടിച്ചതും ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചതിന്റെയും ഞെട്ടലിലാണ് നാട്ടുകാർ. നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും ഫയർഫോഴ്സ് എത്തിയശേഷമാണ് തീയണച്ചത്.

മുറിയിൽ കട്ടിലിന്റെ രണ്ടറ്റത്ത് കത്തിക്കരിഞ്ഞ നിലയിലാണ് ബിനീഷിന്റെയും ഭാര്യ അനുവിന്റെയും മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയതു വാതിലിന് സമീപവും. തീ ആളിപടർന്നപ്പോള്‍ കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു വിലയിരുത്തൽ.

14 വർഷം മുൻപായിരുന്നുബിനീഷിന്റെയും അനുവിന്റെയും വിവാഹം. ഏറെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിച്ചത്. അനു അങ്കമാലിയിൽ തന്നെയുള്ളൊരു സ്വകാര്യ ആശുപത്രിയിലെ ലബോറട്ടറി അധ്യാപികയായിരുന്നു. പ്രായാധിക്യമായ അസുഖത്തെ തുടർന്ന് ഒരു വർഷം മുൻപാണ് ബിനീഷിന്റെ പിതാവ് മരിച്ചത്. അമ്മയ്ക്കും പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളുണ്ട്. വീടിനു താഴത്തെ മുറിയിൽ കിടക്കുകയായിരുന്ന അമ്മ ചിന്നമ്മ അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

എല്ലാവരോടും സൗമ്യനായി പെരുമാറുന്ന വ്യക്തിയായിരുന്നു ബിനീഷെന്ന് അയൽവാസികൾ പറയുന്നു. കുടുംബത്തിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ല. ഇത്രയും സന്തോഷത്തോടെ ജീവിച്ച കുടുംബത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

∙ വിശദപരിശോധനയ്ക്ക് പൊലീസ്

മുകളിലെ മുറിയിൽ മാത്രം എങ്ങനെ വലിയ രീതിയിൽ തീപിടിച്ചെന്നും അതെങ്ങനെ ആളിപടർന്നെന്നും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. തീയുടെ ഉറവിടം അറിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു. വീടിന് ചുറ്റും സിസിടിവി ഉണ്ട്. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള എന്തെങ്കിലും ഇടപെടലുണ്ടായോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

English Summary:

Angamaly Fire Death: Natives in Shock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com