ADVERTISEMENT

കൊച്ചി ∙ ‘‘മോൾ വൈകിട്ട് ഞങ്ങളുടെ അടുത്തിരുന്നു കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊച്ചുമോൻ ട്യൂഷന് കൊണ്ടുപോകാൻ വേണ്ടിവരുന്നത്. ‘എന്നെ ഒന്ന് എടുക്ക് അപ്പാ’ എന്ന് മോള് പറഞ്ഞു, അവളെ എടുത്തുകൊണ്ട് പോയപ്പോ ഞാൻ കളിയാക്കി, കെട്ടിക്കാറായ പെണ്ണിനെയാ എടുത്തുകൊണ്ടു പോണതെന്ന്... അപ്പോഴേക്കും ഇളയ ആളും ഓടി വന്നു, രണ്ടു പേരെയും രണ്ടു കൈകളിലും തൂക്കി സന്തോഷത്തോടെ പോകുന്ന കൊച്ചുമോനെ അപ്പോഴാണ് അവസാനമായി കണ്ടത്’’– തീപിടിത്തത്തിൽ 4 ജീവനുകൾ പൊലിഞ്ഞ വീട്ടിൽനിന്നും കണ്ണുകൾ നിറഞ്ഞു സംസാരിക്കാന്‍ അയൽവാസിയായ മേരി ബുദ്ധിമുട്ടി.

അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിൽ ഗൃഹനാഥനും ഭാര്യയും രണ്ടു കുട്ടികളും തീപിടിത്തത്തിൽ മരിച്ച വീട്ടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അയൽവാസിയായ മേരി. കഴിഞ്ഞ 5 വർഷമായി ഈ വീട്ടിൽ ജാതിക്കയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതു മേരിയാണ്. തൊട്ടടുത്തു ഫിലോമിനയും ലീലയും അയൽവാസികളായ മറ്റുള്ളവരും കരഞ്ഞുകൊണ്ടിരിക്കുന്നു. സമീപം ജാതിക്ക വേർതിരിച്ച് വച്ചത് കാണാം. മുറ്റം നിറയെ പൊലീസുകാരും മാധ്യമങ്ങളും നാട്ടുകാരും.

കൊച്ചുമോൻ എന്നു വീട്ടുകാരും അടുപ്പക്കാരും വിളിക്കുന്ന ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജസ്‌‍വിൻ (5) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പുറത്തേക്കെടുത്തതും കൂട്ടനിലവിളി ഉയർന്നു. രണ്ടുനില വീട്ടി‌ലെ ദുരന്തത്തിനു പിന്നിലെ കാരണങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. കൂട്ട ആത്മഹത്യയോ അപകടമരണമോ എന്നറിയണമെങ്കില്‍ കൂടുതൽ പരിശോധന വേണ്ടിവരും.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസിലേക്ക് കയറ്റുന്നു  (ചിത്രം∙ അരുൺ ശ്രീധർ ∙ മനോരമ)
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസിലേക്ക് കയറ്റുന്നു (ചിത്രം: അരുൺ ശ്രീധർ ∙ മനോരമ)

‘‘അടുത്ത സുഹൃത്താണ്. ഞങ്ങൾ 3 പേരും ഒരുമിച്ചു പഠിച്ചതാണ്. ബിനീഷ് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുമായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അക്കാര്യവും പറയുമായിരുന്നു. അതൊന്നും പറഞ്ഞിട്ടില്ല. ആവശ്യമുള്ളപ്പോൾ സാമ്പത്തികമായി എന്നെ സഹായിക്കുന്നതു പോലും ബിനീഷാണ്. 2 ദിവസം മുമ്പും ഞങ്ങൾ‍ ഒരുമിച്ചു പോയി ഭക്ഷണം കഴിച്ചിരുന്നു. എപ്പോഴും സന്തോഷവാനായ ആളായിരുന്നു ബിനീഷ്. മദ്യപാനമില്ല. ഭാര്യയുടെ വീട്ടുകാരും സാമ്പത്തികമായി നല്ല സ്ഥിതിയിലാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഇത്തരത്തിൽ എന്തെങ്കിലും ചെയ്യും എന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കില്ല’’–സുഹൃത്തുക്കളായ കെ.വി.ശ്രീജേഷും ഷെറിനും പറയുന്നു. 

ഒരു വിധത്തിലുള്ള മോശം കാര്യവും പറയാനില്ലാത്ത ആളായിരുന്നു ബിനീഷെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാവരോടും നന്നായി ഇടപെടുന്ന സൗമ്യനായ ചെറുപ്പക്കാരൻ. പിതാവിന്റെ കാലം മുതൽ തുടങ്ങിയ ജാതിക്ക അടക്കമുള്ള മലഞ്ചരക്ക് വ്യാപാരമാണ് ബിനീഷും ചേട്ടൻ ബിനോയിയും നടത്തുന്നത്. അങ്കമാലി ടൗണിൽ ഇതിനായി ഒരു കടയും ഇവർക്കുണ്ട്. പിതാവ് കഴിഞ്ഞ വർഷമാണ് മരിച്ചത്. ചേട്ടൻ ബിനോയി അടുത്താണ് താമസിക്കുന്നത്. ഒരു സഹോദരിയാണ് ഇവർക്കുള്ളത്. വീട്ടിലാണ് ബിനീഷ് ജാതിക്ക ശേഖരിച്ചിരുന്നതും അത് ഉണക്കിയിരുന്നതും. ഇവിടുത്തെ ജോലിക്കാരായ സ്ത്രീകൾക്ക് ബിനീഷിന്റെ അമ്മയെക്കുറിച്ചും ഭാര്യ അനുവിനെക്കുറിച്ചും നല്ലതേ പറയാനുള്ളൂ.  

‘‘5 വർഷമായി ഇവിടെ ജോലി ചെയ്യുന്നു. പൈസയ്ക്ക് ബുദ്ധിമുട്ടു വന്നാൽ അത് കൊച്ചുമോൻ തരും. തിരിച്ച് ഒരിക്കലും ചോദിക്കില്ല. അത് അനുവാണെങ്കിലും മമ്മിയാണെങ്കിലും അങ്ങനെ തന്നെയാണ്. ആ അമ്മയും കൊച്ചുമോനും അനുവുമൊക്കെ നല്ല പോലെ പെരുമാറുന്നവരാണ്. പൈസയ്ക്ക് പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല. നല്ല സ്നേഹമായിരുന്നു പണിക്കു വരുന്നവരോടും’’– വീട്ടിലെ ജോലിക്കാരായ സ്ത്രീകൾ പറഞ്ഞു.

പറക്കുളത്തെ വീതി കുറഞ്ഞ വഴിയിലൂടെ രാവിലെ 5.30ന് ഫയർ എൻജിൻ വരുന്നതു കണ്ടാണ് പലരും വിവരമറിഞ്ഞത്. അപ്പോഴേക്കും വീടിന്റെ മുകൾനിലയിലെ കിടപ്പുമുറി പൂർണമായി കത്തിത്തീർന്നിരുന്നു. രാവിലെ പത്രമെടുക്കാനായി പോയ ഏജന്റും സിപിഎമ്മിന്റെ അങ്ങാടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഏലിയാസ് ആണ് തീ ഉയരുന്നത് ആദ്യമായി കാണുന്നത്. ‘‘എനിക്ക് പത്രം ഏജൻസിയുണ്ട്. 5.05–5.10നാണ് എന്നും പോകുന്നത്. ഇവരുടെ വീടിന്റെ അടുക്കലെത്തിയപ്പോഴാണ് ജാതിമരങ്ങൾക്ക് ഇടയിലൂടെ വലിയ വെളിച്ചം വരുന്നത് അറിയുന്നത്. അപ്പോൾ തീ കത്തുന്നത് കണ്ടു. വീടിന്റെ താഴെനിന്ന് ബിനീഷിന്റെ അമ്മയുടെ നിലവിളി കേട്ടു. ഞാൻ പെട്ടെന്ന് തൊട്ടടുത്തു താമസിക്കുന്ന പൗലോസിനെക്കൂടി വിളിച്ചു. പൗലോസിനോട് കയറി നോക്കാൻ പറഞ്ഞിട്ട് ഞാന്‍ ഫയർ‍ഫോഴ്സിനെ വിളിച്ചുകൊണ്ടിരുന്നു. പൗലോസ് കയറിനോക്കിയെങ്കിലും വാതിൽ തുറക്കാൻ പറ്റിയില്ല. 5.30ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. അവരാണ് വാതിൽ തുറന്നത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’’– ഏലിയാസ് പറഞ്ഞു.  

മൃതദേഹങ്ങൾ ‌കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ആത്മഹത്യയാണോ, അപകടമുണ്ടായി തീ പടർന്നതാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘം നിഗമനത്തിലെത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ബിനീഷ് നേരിട്ടിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു.

ജാതിക്ക വാങ്ങിയിരുന്നവർക്ക് പണം കൊടുക്കാനുണ്ടായിരുന്നു.‍ വീടിനോടു ചേർന്നുള്ള ജാതിക്ക ഉണക്കുന്ന ഗോഡൗൺ കുറച്ചു വർഷങ്ങൾക്ക് മുൻപ് കത്തിപ്പോയി. ഇതിന്റെ നഷ്ടപരിഹാരം കിട്ടിയെങ്കിലും ഇതുമൂലം ചില ബാധ്യതകൾ നേരിട്ടിരുന്നതായും സൂചനയുണ്ട്. ബിനീഷ് ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നു എന്ന വാദം പൂർണമായി പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.  

English Summary:

Friends and relatives remember family deceased in a massive fire in Angamaly

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com