ഭരണഘടനയെ സംരക്ഷിക്കാൻ പോരാടിയ ജനങ്ങളോടു കടപ്പാട്: നന്ദി പറഞ്ഞ് സോണിയ

Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്‌സനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ജനങ്ങൾക്കു നന്ദിയറിയിച്ച് സോണിയ ഗാന്ധി. പാർട്ടിക്കും സഖ്യത്തിനും മുകളിലാണു താനെന്ന് ധരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസ്ഥ ഓർമിപ്പിച്ച സോണിയ, രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ജനങ്ങളോട് പാർട്ടിക്ക് കടപ്പാട് ബാക്കിയാണെന്നും അഭിപ്രായപ്പെട്ടു.
ഭിന്നിപ്പിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും രാഷ്ട്രീയത്തെ ഈ രാജ്യത്തെ ജനങ്ങൾ വോട്ടിലൂടെ പുറത്താക്കിയെന്നും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടമാണ് പാർട്ടിയെ നയിക്കേണ്ടതെന്നും സോണിയ കൂട്ടിച്ചേർത്തു.
സോണിയയുടെ പ്രസംഗത്തിൽനിന്ന്:
‘‘കോൺഗ്രസ് ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചിരിക്കുകയാണ്. നമ്മളെ ഇല്ലാതാക്കാൻ പല ശക്തികളും ശ്രമിച്ചു. സാമ്പത്തികമായി വെട്ടിലാക്കി. നുണപ്രചാരണങ്ങൾ നടത്തി. പലരും നമ്മുടെ മരണവാർത്തകൾ വരെ എഴുതി. പക്ഷേ മല്ലികാർജുൻ ഖർഗെയെപ്പോലുള്ള കഴിവുറ്റ നേതാക്കളുടെ നേതൃത്വത്തിൽ നമ്മൾ തിരിച്ചു വന്നിരിക്കുകയാണ്. അതിന് അദ്ദേഹത്തിന് നന്ദി. ഭാരത് ജോഡോ യാത്രയും ഭാരത് ന്യായ് യാത്രയും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള നമ്മുടെ പാർട്ടി പ്രവർത്തനത്തെ പുനരുജ്ജീവിപ്പിച്ചു. എല്ലാ രാഷ്ട്രീയാതിക്രമങ്ങളെയും ചെറുത്ത് തോൽപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ ഇതിഹാസ പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.
ഈ രാജ്യത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ചേര്‍ത്തുനിൽപിന് അഭിവാദ്യങ്ങൾ. വലിയ കടപ്പാട് നമുക്കവരോട് ബാക്കിനിൽക്കുന്നു. തിരഞ്ഞെടുപ്പിൽ തോറ്റുപോയവരോടും ഞങ്ങളുടെ പിന്തുണയറിയിക്കുകയാണ്. നിങ്ങളുടെ ശ്രമങ്ങളിൽ പാർട്ടിക്ക് അഭിമാനമുണ്ട്. നമ്മുടെ തിരിച്ചുവരവ് ആഘോഷിക്കുമ്പോഴും പ്രതീക്ഷയിലും താഴെ പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിൽ എന്ത് പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും ആലോചിക്കേണ്ടിയിരിക്കുന്നു.
പാർട്ടിക്കും സഖ്യകക്ഷികൾക്കും മുകളിലാണ് താനെന്ന തോന്നൽ പ്രധാനമന്ത്രിക്ക് നൽകിയ നഷ്ടം നമ്മൾ കണ്ടതാണ്. വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി വന്നാലും പാർലമെന്റിൽ കൃത്യമായ ഇടപെടലുകൾ കോൺഗ്രസ് നടത്തും. പാർലമെന്റിനെ തകർക്കാനും അംഗങ്ങളെ തോന്നിയതുപോലെ പുറത്താക്കാനുമുള്ള അധികാരത്തെ ചോദ്യം ചെയ്യും. കൃത്യമായ ചർച്ചകളില്ലാതെ ബില്ലുകൾ പാസ്സാക്കുന്നതു തടയും. 2014 മുതൽ പ്രതിപക്ഷത്തെ മാറ്റി നിർത്തിയത് ഇനിയും ആവർത്തിക്കാൻ സമ്മതിക്കില്ല.
ഭിന്നിപ്പിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും രാഷ്ട്രീയത്തെ ഈ രാജ്യത്തെ ജനങ്ങൾ വോട്ടിലൂടെ പുറത്താക്കിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഭരണഘടനയെ സംരക്ഷിക്കാൻ അവർ പാർലമെന്റിനെ ശക്തമാക്കി. സാമൂഹിക സാമ്പത്തിക നീതിക്കുവേണ്ടിയാണ് അവർ വോട്ടുകൾ നൽകിയത്. അതാണ് നമ്മെ നയിക്കേണ്ടതും നമ്മുടെ അടിസ്ഥാനവാക്യവും.’’