ഹമാസ് ബന്ദികളാക്കിയ 4 പേരെ മോചിപ്പിച്ച് ഇസ്രയേൽ; 210 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ബന്ദികളായി ഹമാസ് പാർപ്പിച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കൻ ഇസ്രയേലിൽനിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്‍ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു മോചിപ്പിച്ചത്. 8 മാസം മുൻപാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തിൽ നിരവധിപേർ മരിച്ചതായി പലസ്തീൻ അധികൃതർ പറഞ്ഞു. മധ്യ ഗാസയിലെ അൽ നുസ്റത്ത് അഭയാർഥി ക്യാംപിൽ ഇസ്രയേൽ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 210 പലസ്തീൻകാർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്കു പരുക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 250 പേരിൽ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവിൽ മരിച്ചെന്നാണു കരുതുന്നത്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേൽ പ്രത്യേക സേന ഇന്നലെ അഭയാർഥിക്യാംപിൽ ആക്രമണം നടത്തിയത്. ജനത്തിരക്കേറിയ മാർക്കറ്റിലും സമീപത്തെ പള്ളിയിലും ബോംബിട്ടു.
4 ബന്ദികളെ മോചിപ്പിക്കാനായി ഇസ്രയേൽ നൂറുകണക്കിനു പലസ്തീൻകാരെ കൂട്ടക്കൊല ചെയ്തെന്നു പലസ്തീൻ അതോറിറ്റി കുറ്റപ്പെടുത്തി. മധ്യ ഗാസയിലെ അൽ അഖ്സ ആശുപത്രിയിലെത്തിച്ച മരിച്ചവരിലും പരുക്കേറ്റവരിലും കുട്ടികളും സ്ത്രീകളുമാണു കൂടുതലെന്ന് അധികൃതർ പറഞ്ഞു. യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 36,801 ആയി.