ADVERTISEMENT

തിരുവനന്തപുരം∙ കാവിനിറം നെഞ്ചോടു ചേർക്കുന്നതിനു മുൻപ് ചെങ്കൊടി മുറുകെപിടിച്ച സുരേഷ് ഗോപിയുണ്ട്, വർഷങ്ങൾക്ക് മുൻപ് കോളജ് പഠന കാലത്ത്. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു സുരേഷ് ഗോപി. സൈലന്റ് വാലി സംരക്ഷണത്തിനായുള്ള സമരങ്ങളിൽ സജീവമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ സുവോളജി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ സഹപാഠിയായിരുന്നു.‌

സഹപാഠികളുടെ മനസിൽ അന്നത്തെ ഓർമകൾ ഇന്നും സജീവം. ‘‘പ്രീഡിഗ്രിക്ക് ഞാനും സുരേഷും പ്രേമചന്ദ്രനും ഫാത്തിമ മാതാ കോളജിലാണ് പഠിച്ചത്. ഡോക്ടർ ആകണമെന്നായിരുന്നു പലരുടെയും ലക്ഷ്യം. 1977ലെ സുവോളജി ഡിഗ്രി ബാച്ചിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. പ്രേമചന്ദ്രൻ ഡിഗ്രിക്ക് കെമിസ്ട്രിയായിരുന്നു. അടിയന്തരാവസ്ഥയുടെ കാലത്ത് ഇടതുപക്ഷ ചിന്താഗതിയായിരുന്നു ക്ലാസിലെ മിക്കവർക്കും. സുരേഷും പ്രേമചന്ദ്രനും എസ്എഫ്ഐയിലായിരുന്നു. സൈലന്റ്‌വാലി പ്രക്ഷോഭത്തിൽ സുരേഷ് സജീവമായിരുന്നു.’’– സഹപാഠിയും വ്യവസായിയുമായ ഇന്നസെന്റ് ജേക്കബ് പറയുന്നു.

ഡിഗ്രിക്ക് പഠിക്കുമ്പോൾ സുവോളജി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സുരേഷ് ഗോപി ( ചിത്രം: Special Arrangement)
ഡിഗ്രിക്ക് പഠിക്കുമ്പോൾ സുവോളജി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സുരേഷ് ഗോപി ( ചിത്രം: Special Arrangement)

‘‘ഇപ്പോഴും സുരേഷുമായി അടുത്ത ബന്ധമുണ്ട്. സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ സുരേഷ് മുന്നിലാണ്. അദ്ദേഹത്തിന്റെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്.’’– ഇന്നസെന്റ് ജോസഫ് പറഞ്ഞു.

കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സുരേഷ്. ആറാം വയസ്സിൽ ‘ഓടയിൽ നിന്ന്’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു. സുരേഷ് ജി.നായർ സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിയായി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയശേഷം സിനിമാരംഗത്തു സജീവമായി. പൊലീസ് വേഷങ്ങളിലൂടെ സൂപ്പർതാരമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.

സുരേഷ് ഗോപി യുവാവായിരിക്കെ ( ചിത്രം: Special Arrangement)
സുരേഷ് ഗോപി യുവാവായിരിക്കെ ( ചിത്രം: Special Arrangement)

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ച സുരേഷ് ഗോപി 74,686 വോട്ടിനാണ് സിപിഐ നേതാവ് വി.എസ്. സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് കെ.മുരളീധരൻ മൂന്നാം സ്ഥാനത്തായി. കേരളത്തിൽ ബിജെപിക്കായി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്ന ആദ്യ സ്ഥാനാർഥിയാണ് സുരേഷ് ഗോപി. വിജയത്തിനു പിന്നാലെ കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചു.

English Summary:

College Life of Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com