‘കാലു മാത്രമല്ല കയ്യും വെട്ടാനറിയാം’: ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ

Mail This Article
പത്തനംതിട്ട ∙ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗം തുടർന്ന് സിപിഎം നേതാക്കൾ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാലു മാത്രമല്ല കയ്യും വെട്ടാൻ അറിയാമെന്നു സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സൺ സാജൻ ജോസഫ് പറഞ്ഞു. വനംവകുപ്പിന് എതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പ്രകോപന പ്രസംഗം.
ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്ന് ജെയ്സൺ പറഞ്ഞു. ബൂട്ടിട്ട് വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി.ഈശോയും ഭീഷണിപ്പെടുത്തി. വനം വകുപ്പിന് എതിരായ പ്രതിഷേധ മാർച്ചിനിടെയാണ് പ്രസംഗം.
കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്‍റെ കൊടികള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാദേശിക നേതാക്കള്‍ ഭീഷണി മുഴക്കിയത്. സിഐടിയു ഉൾപ്പെടെയുള്ള വിവിധ യൂണിയനുകളുടെ കൊടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. ഇവിടെ ഇത്തരം കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനു വിലക്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ചേർന്ന യോഗത്തിലാണ് പരസ്യ ഭീഷണി. വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് പത്തനംതിട്ട തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ബലമായി കൊടികള്‍ സ്ഥാപിച്ചു.