ADVERTISEMENT

മുംബൈ∙ കേന്ദ്രത്തിൽ മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ റെക്കോർഡ് ഉയരംതൊട്ട് ഇന്ത്യൻ ഓഹരി സൂചികകൾ. ഇന്നു വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 300ൽ അധികം പോയിന്റ് ഉയർന്ന സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 77,000 പോയിന്റുകൾ ഭേദിച്ച് 77,079 എന്ന സർവകാല ഉയരത്തിലെത്തി. 110ൽ അധികം പോയിന്റ് മുന്നേറിയ നിഫ്റ്റി 23,411 എന്ന പുതിയ ഉയരവും ഇന്നു കുറിച്ചു. നിലവിൽ വ്യാപാരം ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ സൂചികകൾ നേട്ടം അൽപം കുറച്ചിട്ടുണ്ട്. 57.50 പോയിന്റ് (0.25%) നേട്ടവുമായി നിഫ്റ്റി 23,347ലും സെൻസെക്സ് 148.58 പോയിന്റ് (0.19%) ഉയർന്ന് 76,841.94 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.

∙ നേട്ടത്തിനു പിന്നിൽ

സഖ്യകക്ഷികളുടെ തണലിലാണ് അധികാരത്തിലേറിയതെങ്കിലും മൂന്നാം മോദി സർക്കാർ കാര്യമായ തർക്കങ്ങളില്ലാതെ സത്യപ്രതിജ്ഞ ചെയ്തതും ധനമന്ത്രി പദം നിർമല സീതാരാമൻ തന്നെ കൈവശം വച്ചേക്കുമെന്ന വിലയിരുത്തലുകളും വിപണിക്ക് ഇന്നു കരുത്തായിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണത്തെയും എന്ന പോലെ മൂന്നാം മോദി സർക്കാരും സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുമെന്ന വിലയിരുത്തലും വിപണിക്ക് ഊർജമായിട്ടുണ്ട്.

∙ കുതിച്ചവരും കിതച്ചവരും

റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ വൻകിട ഓഹരികളുടെ നേട്ടമാണ് ഇന്നു സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചത്. നിഫ്റ്റിയിൽ ഐടി ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നേട്ടമുണ്ടാക്കി. ആദാനി പോർട്സ്, പവർ ഗ്രിഡ്, ശ്രീറാം ഫിനാൻസ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ എന്നിവ നേട്ടത്തിനു ചുക്കാൻ പിടിച്ചപ്പോൾ ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽടിഐ മൈൻഡ്ട്രീ, ഹിൻഡാൽകോ, ഡോ. റെഡ്ഡീസ് എന്നിവ നഷ്ടത്തിൽ മുന്നിലെത്തി.

അമേരിക്കയിൽ കഴിഞ്ഞ മാസം പുതിയ തൊഴിലവസരങ്ങൾ 1.9 ലക്ഷം പ്രതീക്ഷിച്ചിടത്ത് 2.72 ലക്ഷമായി ഉയർന്നതാണ് ഐടി കമ്പനികളുടെ ഓഹരികൾക്കു ക്ഷീണമായത്. തൊഴിൽക്കണക്ക് മെച്ചപ്പെട്ടത് സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയായി അമേരിക്കൻ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവ് വിലയിരുത്തും. ഫലത്തിൽ, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് കാലതാമസം വരുത്തും. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യ വരുമാന സ്രോതസ് അമേരിക്കയാണെന്നിരിക്കേയാണ് ഓഹരികൾ തളർന്നത്.

ഐഡിബിഐ ബാങ്ക് ഇന്ന് 6% കയറി. 2016-17 വർഷത്തെ ആദായ നികുതിയായ 2,702 കോടി രൂപ റീഫണ്ടായി ലഭിക്കുമെന്നതാണ് നേട്ടമായത്. സ്വതന്ത്ര ഡയറക്ടർ രാജിവച്ചതിനെ തുടർന്ന് സുസ്ലോൺ ഓഹരി 5% താഴ്ന്നു. നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് സ്റ്റോൺ 15.6 ശതമാനം ഓഹരി വിറ്റഴിക്കുന്ന പശ്ചാത്തലത്തിൽ എംഫസിസിന്റെ ഓഹരി 4 ശതമാനവും താഴ്ന്നിട്ടുണ്ട്.

∙ രൂപയ്ക്ക് തളർച്ച

ഇന്ത്യൻ ഓഹരികൾ തിളങ്ങിയെങ്കിലും രൂപ ഇന്ന് നിറംമങ്ങിയാണു വ്യാപാരം ആരംഭിച്ചത്. ഡോളറിനെതിരെ മൂല്യം ഇപ്പോഴുള്ളത് 13 പൈസ താഴ്ന്ന് 83.50ൽ. അമേരിക്കയിൽ പലിശഭാരം ഉടനൊന്നും കുറയില്ലെന്ന വിലയിരുത്തൽ ഡോളറിനെ ശക്തമാക്കിയതും മറ്റ് ഏഷ്യൻ കറൻസികളുടെ വീഴ്ചയുമാണ് രൂപയെ തളർത്തിയത്.

English Summary:

Sensex breaches 77,000-mark for first time; Nifty hits new record high level in early trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com