ജമ്മു കശ്മീരിലെ ഭീകരാക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
Mail This Article
ന്യൂഡൽഹി∙ ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെ 3 മണിക്കുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കബീർ ദാസെന്ന ജവാനാണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
രണ്ട് ഭീകരരാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തത്. ഇതിൽ ഒരാളെ ബുധനാഴ്ച പുലർച്ചെയും രണ്ടാമനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷവും സൈന്യം വധിച്ചു. ഇയാളിൽനിന്നും യുഎസ് നിർമിത എം4 കാർബൈൻ അസോൾട്ട് റൈഫിൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
അതിനിടെ ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ ഛട്ടാർഗാല മേഖലയിലെ പൊലീസ്, രാഷ്ട്രീയ റൈഫിൾസ് സംയുക്ത പോസ്റ്റിനുനേരെയുണ്ടായ വെടിവെപ്പിൽ 5 സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫിസർക്കും പരുക്കേറ്റു. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനിക പോസ്റ്റിൽ ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘടനയായ കശ്മീർ ടൈഗേഴ്സ് ദോഡയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.
മൂന്നു ദിവസം മുൻപ് തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടാമത്തെ ഭീകരനായുള്ള തിരച്ചിലും തുടരുകയാണ്. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന അയൽരാജ്യത്തെ ശത്രുവാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആനന്ദ് ജെയിൻ പറഞ്ഞു.