‘മകൻ ജീവനോടെയുണ്ടാകുമെന്ന് കരുതി’; തോമസിന്റെ മരണം ഉൾക്കൊള്ളാനാവാതെ വീട്ടുകാർ

Mail This Article
തിരുവല്ല ∙ രാവിലെ പാൽ വാങ്ങാന്‍ പോകുമ്പോൾ, വഴിയരികിൽ പത്രം വായിച്ചുകൊണ്ടുനിന്ന അയൽവാസിയായ മാമ്പറമ്പിൽ ജോർജുകുട്ടി പറഞ്ഞു. ‘‘ഞാൻ ഒരു കാര്യം പറയുകയാണ്, വിഷമിക്കരുത്. ജോബി നമ്മെ വിട്ടുപോയി. പത്രത്തിൽ പടവും വിവരവുമുണ്ട്.’’ ഉമ്മൻ ചാക്കോ ഒരുനിമിഷം ചലനമറ്റു നിന്നു, ഉൾക്കൊള്ളാൻ മനസ്സ് പ്രാപ്തമാകാത്തതുപോലെ. ആശ്വസിപ്പിക്കാനാകാതെ അയൽവാസികളും കണ്ണീരടക്കി.
കുവൈത്തിലെ മംഗഫിൽ കമ്പനി ജോലിക്കാർ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മേപ്രാൽ ചിറയിൽ മരോട്ടിമൂട്ടിൽ തോമസ് സി.ഉമ്മന്റെ (ജോബി) പിതാവ് ഉമ്മൻ ചാക്കോയ്ക്കും കുടുംബത്തിനും മകന്റെ വിയോഗവാർത്ത ഉൾക്കൊള്ളാനായിട്ടില്ല. കുവൈത്തിൽ ബുധാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജോബിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തി വൈകിട്ട് അമ്മ റാണിയോട് സംസാരിച്ചിരുന്നതാണ്. മകൻ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു റാണിക്ക്. ജോബിയെ ബന്ധപ്പെടാൻ ഭാര്യ ജിനു പലതവണ ഫോണിൽ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. കുവൈത്ത് എംബസി പുറത്തുവിട്ട മരണപ്പെട്ടവരുടെ ആദ്യ ലിസ്റ്റിൽ ജോബിയുടെ പേരില്ലായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ജോബിയുടെ മരണം സ്ഥിരീകരിച്ചത്. ആറു വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ജോബി 6 മാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്.