ഇനിയില്ലെന്ന് പറഞ്ഞ് മടങ്ങി, നിർബന്ധിച്ച് കമ്പനി ഉടമ; വിശ്രമജീവിതമില്ലാതെ മുരളീധരന്റെ വിയോഗം

Mail This Article
പത്തനംതിട്ട ∙ ഇനിയുള്ള കാലം കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കാനായിരുന്നു മുരളീധരന്റെ ആഗ്രഹം. ജോലി അവസാനിപ്പിച്ച് പലതവണ നാട്ടിലെത്തിയതുമാണ്. പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു. കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി.മുരളീധരൻ ആറുമാസം മുൻപും നാട്ടിലെത്തിയിരുന്നു. ഇനി പോകുന്നില്ല എന്നു പറഞ്ഞാണ് വീട്ടിൽ നിന്നത്.
കുവൈത്തിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് ഒരുമാസം തികയും മുൻപ് പതിവുപോലെ വിളിയെത്തി. ആറുമാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി ഉടമ വിളിച്ചത്. അധികം വൈകാതെ വീസയുമെത്തി.
എന്തുവന്നാലും നവംബറിൽ മടങ്ങിപ്പോരും എന്നു പറഞ്ഞാണ് ഫെബ്രുവരിയിൽ വീണ്ടും പോയത്. കോവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.