ADVERTISEMENT

‘‘മായാവി ശരിക്കും സൂപ്പർ ഹീറോയാണോ? സത്യത്തിൽ ലുട്ടാപ്പിയോട് രാജുവിനും രാധയ്ക്കും എന്താണ് പ്രശ്നം?, രാധയോട് രാജുവിന് ഇപ്പോഴും ക്രഷ് ഉണ്ടോ’’, പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത ബാലരമയിലെ ഈ കഥാപാത്രങ്ങളോടാണ് ചോദ്യം. ചോദിക്കുന്നതോ, കോളജ് വിദ്യാർഥികളും. അതിനു രസകരമായ ഉത്തരങ്ങളും ലഭിക്കുന്നുണ്ട്. നിർമിതബുദ്ധി കൊണ്ടു പ്രവർത്തിക്കുന്ന ഒരു ചാറ്റ് ബോട്ടാണ് ഉത്തരം പറയുന്നത്. ഇത്തരത്തിൽ റോബടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലെ പുത്തൻ പരീക്ഷണങ്ങൾ ഒരുക്കിയിരിക്കുകയാണ് മനോരമ ഓൺലൈൻ കൊച്ചിയിൽ സംഘടിപ്പിച്ച റോബോവേഴ്സ് വിആർ എക്സ്പോയിൽ. ഇന്നലെ ആരംഭിച്ച എക്സ്പോ 17 ന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. 

റോബോവേഴ്സ് വിആർ എക്സ്പോ കാണാനെത്തിയവർ. ചിത്രം: ജിബിൻ ചെമ്പോല / മനോരമ
റോബോവേഴ്സ് വിആർ എക്സ്പോ കാണാനെത്തിയവർ. ചിത്രം: ജിബിൻ ചെമ്പോല / മനോരമ

എക്സ്പോയിൽ ഇടയ്ക്കിടെ നടക്കുന്ന ‘യുദ്ധം’ കാണാനും വലിയ ആൾക്കൂട്ടമാണ്. റോബട്ടുകളാണ് പോരാളികൾ. വേഗത്തിൽ പാഞ്ഞുവന്ന് കൂട്ടിയിടിച്ചും തള്ളിപ്പുറത്താക്കിയും റോബട്ടുകൾ തമ്മിലുള്ള യുദ്ധം കാണാനാണ് ആരവവുമായി കാഴ്ചക്കാർ കൂടുന്നത്. 

robot-expo2
റോബോവേഴ്സ് വിആർ എക്സ്പോയിൽ സിനിമാതാരങ്ങളായ ഗോകുൽ സുരേഷും അനാർക്കലിയും എത്തിയപ്പോൾ.

കാണികളെ ഏറ്റവുമധികം രസിപ്പിക്കുന്ന ഒന്നാണ് നായകളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തി മറിയുകയുമൊക്കെ ചെയ്യുന്ന ‘റോബട് ഡോഗ്സ്’. എക്സിബിഷൻ നടക്കുന്ന രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ വിശാലമായ അകത്തളത്തിലൂടെ പാഞ്ഞു നടക്കുന്ന ഈ റോബട്ടുകളുടെ മുമ്പിൽ സമയം ചെലവഴിക്കാത്തവർ വളരെ കുറവാണ്. എക്സ്പോ കാണാനെത്തുന്ന കുട്ടികളുടെ ഉറ്റ ചങ്ങാതിമാർ കൂടിയാണ് ഗോ1, ഗോ2 വിഭാഗങ്ങളിലുള്ള 3 നായ്ക്കുട്ടി റോബട്ടുകൾ. എക്സ്പോയുടെ ആദ്യ ദിവസമെത്തിയ ചലച്ചിത്രതാരങ്ങളായ അനാര്‍ക്കലി മരിക്കാർ, ഗോകുൽ സുരേഷ് തുടങ്ങിയവർ ഏറെ നേരം ഈ ‘നായ്ക്കുട്ടി’കളെ കളിപ്പിച്ചും മറ്റും സമയം ചെലവിടുകയും ചെയ്തു.  

robot-expo4
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്ന്, ചിത്രം: മിന മോൾ

‘‘റോബട്ടുകളെ കുറിച്ചുള്ള പേടി മാറ്റുക എന്നതാണ് പ്രധാനമായും ചെയ്യുന്നത്. മിക്ക എക്സ്ബിഷനുകളിലും പ്രദർശിപ്പിക്കുന്ന റോബട്ടുകളെ കാഴ്ചക്കാർ കണ്ടു പോവുകയാണ് പതിവ്. എന്നാൽ ഇവിടെ കാഴ്ചക്കാർക്കു റോബട്ടുകളെ തൊട്ടു തലോടാനും കളിപ്പിക്കാനുമൊക്കെ കഴിയും. അത് റോബട്ടിനോടുള്ള അകലം കുറയ്ക്കും’’ – എക്സ്പോയ്ക്ക് സാങ്കേതിക സഹായം ചെയ്യുന്ന യുണീക് വേൾഡ് റോബട്ടിക്സിന്റെ ഇന്നവേഷൻസ് ഹെഡ് അഖില ഗോമസ് പറയുന്നു. 

robot-expo6
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്ന്. ചിത്രം: ജിബിൻ ചെമ്പോല / മനോരമ

ത്രി ഡി പ്രിന്റിങ്ങാണ് കാഴ്ചക്കാരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഇടം. പല നിർമിതികളും കൺമുന്നിൽ രൂപമെടുക്കുന്നത് അദ്ഭുതത്തോടെയാണ് കാഴ്ചക്കാർ കണ്ടു നിൽക്കുന്നത്. ഇതിന്റെ സാങ്കേതിക വിദ്യ ലളിതമായി വിശദീകരിച്ചു തരാനും ആളുണ്ട്. ഐ ഹബ് റോബട്ടിക്സിന്റെ മനുഷ്യാകാരമുള്ള റോബോട്ടുകളാണ് (ഹ്യുമനോയ്ഡുകൾ) എക്സ്പോയിലേക്ക് കാഴ്ചക്കാരെ സ്വീകരിക്കുന്നത്. സ്വാഗതം പറഞ്ഞും ചോദ്യങ്ങൾ ചോദിച്ചും തുടക്കം മുതൽ അവ കാഴ്ചക്കാരെ രസിപ്പിക്കും. പാട്ടുപാടുന്ന ഹ്യൂമനോയ്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ ഹോവർബോർഡിൽ കയറി ചുറ്റിക്കറങ്ങുന്നത് എക്സ്പോയിലെ രസകരമായ കാഴ്ചകളിലൊന്നാണ്. ചിലർ മറിഞ്ഞു വീഴുന്നുമുണ്ട്. എന്നിട്ടും വീണ്ടും ഹോവർബോർഡിൽ കയറി കറങ്ങുന്നു. എക്സ്പോയിൽ ഏറ്റവുമധികം കാഴ്ചക്കാർ ഉള്ളതും ഇവിടെത്തന്നെ.

robot-expo3
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്ന്, ചിത്രം: മിന മോൾ

ഒരു റോബട്ടിനുള്ളില്‍ എന്തെല്ലാം ഉണ്ടാകും? എങ്ങനെയാണ് ഇത് നിർമിക്കുന്നത്? എങ്ങനെയാണ് പ്ര‍‍വർത്തിക്കുന്നത്? ഇതൊക്കെ അറിയാനും പഠിക്കാനും, വേണ്ടി വന്നാൽ സ്വന്തമായി ഒന്നു ശ്രമിച്ചു നോക്കാനുമുള്ള സംവിധാനങ്ങളാണ് റോബോവേഴ്സിൽ ഒരുക്കിയിരിക്കുന്നത്. നിർമിതബുദ്ധി എങ്ങനെയാണ് റോബട്ടുകളിൽ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിദഗ്ധർ നിങ്ങൾക്ക് വിശദീകരിച്ചു തരികയും ചെയ്യും. വെര്‍ച്വൽ റിയാലിറ്റിയുടെ അദ്ഭുതങ്ങൾ അനുഭവിച്ചറിയാനുള്ള ഇടം കൂടിയാണ് റോബോവേഴ്സ് എക്സ്പോ. 

robot-expo5
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്ന്. ചിത്രം: ജിബിൻ ചെമ്പോല / മനോരമ

ബുധനാഴ്ച ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസാണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. ജെയിൻ യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫിൻലന്‍ഡ് കോൺസൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം, ജയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പിവിസി ഡോ. ജെ. ലത, രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. 

 ടിക്കറ്റുകൾ www.roboversexpo.com എന്ന വെബ്സൈറ്റിൽ കൂടിയോ നേരിട്ടോ ലഭിക്കുന്നതാണ്.

English Summary:

Robots Battle and Entertain at Kochi's Robovers VR Expo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com