വർക്കല സ്വദേശി ശ്രീജേഷിന്റെ മൃതദേഹം സംസ്കരിച്ചു; ചിതയ്ക്കു തീകൊളുത്തിയത് സഹോദരീഭർത്താവ്

Mail This Article
തിരുവനന്തപുരം∙ കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റു മരിച്ച വർക്കല സ്വദേശി ശ്രീജേഷ് തങ്കപ്പൻ നായരുടെ ചിതയ്ക്ക് സഹോദരീഭർത്താവ് രാജേഷ് തീകൊളുത്തി. ഇടവ പാറയിൽ കാട്ടുവിള വീട്ടിലായിരുന്നു സംസ്കാരം.
ഭൗതികശരീരം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച സമയത്ത് അതു സ്വീകരിക്കാനുള്ള രേഖകളിൽ ഒപ്പിട്ടു നൽകാൻ ശ്രീജേഷിന്റെ സഹോദരിയെ യാത്രാമധ്യേ തിരികെ വിമാനത്താവളത്തിലേക്കു വീണ്ടും വിളിപ്പിച്ചിരുന്നു. ഇതുമൂലം വീട്ടിലേക്കുള്ള ഇവരുടെ യാത്ര ഒന്നര മണിക്കൂറോളം വൈകി. സംസ്കാര ചടങ്ങുകളും ഇതു മൂലം ഏറെ വൈകിയാണ് ആരംഭിക്കാനായത്.
മൃതദേഹം വഹിച്ചു കൊണ്ടുള്ള പൊലീസ് അകമ്പടിയോടു കൂടിയ ആംബലൻസ് വർക്കല ഇലകമൺ കെടാകുളത്തെ ആരതിയുടെ ഭർതൃവീട്ടിൽ വൈകിട്ട് നാലരയോടെ എത്തിയെങ്കിലും സഹോരിയും ഭർത്താവും ഒന്നര മണിക്കൂർ വൈകി 6 മണിയോടെയാണ് എത്തിച്ചേർന്നത്. അതുവരെ പെട്ടിയിലടച്ച മൃതദേഹം വീട്ടുമുറ്റത്തെ കട്ടിലിൽ ഇവരെത്തുന്നതും കാത്ത് തുറക്കാതെ വച്ചു.
അഞ്ചരയ്ക്കു ശേഷം തഹസിൽദാർ എം.ഐ.അസീഫ് റെജു, താലൂക്ക് ആശുപത്രി ഡോക്ടർ അനൂജ അസീസ് എന്നിവരുടെ സാന്നിധ്യത്തിൽ വീടിനകത്തുവച്ചു പെട്ടി തുറന്ന ശേഷമാണ് പൊതുദർശനത്തിനു വച്ചത്. സഹോദരിയും ഭർത്താവും സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഇടവ പാറയിൽ കാട്ടുവിള വീട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോയത്.