കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് വികാരനിർഭര യാത്രാമൊഴി; സ്വപ്നത്തിന്റെ ഭാരമില്ലാതെ ഇനി അന്ത്യവിശ്രമം
Mail This Article
കൊച്ചി ∙ നാലാമതായിട്ടായിരുന്നു സിബിൻ ടി. എബ്രഹാമിന്റെ മൃതദേഹം കിടത്താനുള്ള മേശ ഒരുക്കിയിരുന്നത്. വെള്ളത്തുണി വിരിച്ച മേശയിൽ സിബിന്റെ ചിത്രവും വിലാസവും അച്ചടിച്ച പേപ്പർ പതിപ്പിച്ചിരിക്കുന്നു, താഴെ 4 എന്ന നമ്പരും. നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിനു മുന്നിൽ സജ്ജീകരിച്ച ഹാളിൽ നിരത്തിയ മേശകളിൽ ഇങ്ങനെ 31 നമ്പറുകള്‍ പതിപ്പിച്ചിരുന്നു. ഇതു കണ്ടുകൊണ്ടാണ് രാവിലെ 9 മണിയോടെ സിബിന്റെ പിതാവ് ഏബ്രഹാമും സഹോദരനും സിബിന്റെ ഭാര്യാപിതാവ് അടക്കമുള്ളവരും അവിടേക്ക് കടന്നു വന്നത്. മകന്റെ ചിത്രം കണ്ടതും ഏബ്രഹാം നിലവിളിച്ചു.
കുവൈത്തിൽ 18 വര്‍ഷം അധ്വാനിച്ച ശേഷം അതേ കമ്പനിയിൽത്തന്നെ മകനും ജോലി ശരിയാക്കിയിട്ടാണ് ഏബ്രഹാം നാട്ടിലേക്കു പോന്നത്. സിബിന്‍ എട്ടു വർഷമായി കുവൈത്തിലാണ്. ഓഗസ്റ്റ് എട്ടിന് മകൾക്ക് ഒരു വയസ്സു തികയുമ്പോൾ പിറന്നാൾ സമ്മാനങ്ങളുമായി വരാനിരുന്നതാണ് സിബിൻ. എന്നാൽ കൊച്ചിയിലെത്തിയത് പുകയും തീയുമേറ്റ് ജീവനില്ലാതെ ഒരു പെട്ടിക്കുള്ളിൽ. ‘‘2022ലാണ് എന്റെ ഭാര്യ മരിക്കുന്നത്, കഴിഞ്ഞ വർഷം സിബിന്റെ ഭാര്യാ മാതാവും മരിച്ചു, ഇപ്പോൾ അവനും പോയി’’ - ഏബ്രഹാമിന് കരച്ചിൽവന്നു.
രാവിലെ 8.30 ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 10.25 നാണ് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സി 130ജെ ട്രാൻസ്പോർട് വിമാനം നെടുമ്പാശേരിയിൽ എത്തുന്നത്. അപ്പോഴേക്കും കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വിമാനത്താവളത്തിലെത്തിയിരുന്നു.
10.40 ന് മുഖ്യമന്ത്രി എത്തി. അതിനു മുൻപേ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പി.രാജീവ്, കെ.രാജന്‍, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, തമിഴ്നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ.എസ്.മസ്താൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ആന്റോ ആന്റണി, കെ.രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ ടി.െജ.വിനോദ്, അൻവർ സാദത്ത്, മാണി സി.കാപ്പൻ, മോൻസ് ജോർജ്, റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ കേന്ദ്രമന്ത്രിമാരായ പി.സി.തോമസ്, വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ബന്ധുക്കളെ ആശ്വസിപ്പിച്ച് സ്ഥലത്തുണ്ടായിരുന്നു.
ഇതിനിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവരും എത്തിച്ചേർന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 31 മൃതദേഹങ്ങൾ കാര്‍ഗോ വിഭാഗത്തിലെ ഹാളിലെത്തിച്ചു. അവിടെനിന്ന് 11.40ഓടെ തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിന്റെ ചേതനയറ്റ ശരീരം ആദ്യം പൊതുദർശന വേദിയിലേക്ക്. മുഖ്യമന്ത്രി, തമിഴ്നാട് മന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ വെളുത്ത പൂക്കൾ തുന്നിയ റീത്തുകൾ സമർപ്പിച്ച് ആദരാഞ്‍ജലിയർപ്പിച്ചു. മരിച്ച 23 മലയാളികളുടേയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ച ശേഷം പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ.
ഇതിനു ശേഷമായിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാനും മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോകാനുമുള്ള അവസരം. ഏബ്രഹാമിന്റെയും ബന്ധുക്കളുടെയും കരച്ചിൽ ഉയർന്നതോടെ കൂടി നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. മരിച്ച ആലപ്പുഴ സ്വദേശി മാത്യു തോമസിന്റെയും അദ്ദേഹത്തിന്റെ ബന്ധു ഷിബു വർഗീസിന്റെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയ മാത്യുവിന്റെ ഭാര്യാ സഹോദരി പ്രിൻസിയും ഭർത്താവ് ബാവൻ തോമസും രണ്ടു മക്കളും മണിക്കൂറുകളോളം ഒരേ മരവിപ്പിലായിരുന്നു ഇവിടെയിരുന്നത്.
ഇതേ അവസ്ഥയായിരുന്നു മിക്കവരിലും. വലിയ അലർച്ചകളോ നിലവിളികളോ ആയിരുന്നില്ല, മറിച്ച് മരവിപ്പും അമ്പരപ്പുമായിരുന്നു മൃതദേഹം ഏറ്റുവാങ്ങാനെത്തിയവരിൽ കൂടുതൽ. സമ്മാനങ്ങളും പ്രതീക്ഷകളുമായി ഇടക്കിടെ എത്തിയിരുന്ന ഉറ്റവര്‍ ചേതനയറ്റ് അവസാന യാത്രയ്ക്കായി എത്ത യാഥാർഥ്യം ഉള്‍ക്കൊള്ളാനാകാത്തതിന്റെ മരവിപ്പായിരുന്നു അത്.
12.30 ഓടെ മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകളും അകടമ്പടിയായുള്ള പൊലീസ് വാഹനങ്ങളും വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക്. തമിഴ്നാട്ടിൽ നിന്നെത്തിയ ആംബുലൻസുകൾക്ക് കേരള അതിർത്തി വരെ പൊലീസിന്റെ അകമ്പടി. ഒരു മണിയോടെ മുഴുവന്‍ ആംബുലൻസുകളും മരിച്ചവരുടെ ജന്മനാടുകളിലേക്കു യാത്രയായി.