തുണി മടക്കി വയ്ക്കാൻ വൈകി: പത്തു വയസുകാരിക്ക് പിതാവിന്റെ ക്രൂരമർദനം; തോളെല്ല് പൊട്ടി

Mail This Article
കുണ്ടറ∙ പത്ത് വയസുള്ള മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൊറ്റങ്കര സ്വദേശിയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. മൂത്ത മകൾക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കേരളപുരത്തെ വാടക വീട്ടിൽ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്തു വീട്ടിൽ മദ്യപിച്ചിരിക്കുകയായിരുന്ന പിതാവ് മകളെ മർദിക്കുകയായിരുന്നു.
അമ്മ ജോലിക്കു പോകുന്നതിനു മുൻപ് കട്ടിലിൽ കിടന്നിരുന്ന വസ്ത്രങ്ങൾ മടക്കിവയ്ക്കാൻ മകളോട് പറഞ്ഞിരുന്നു. അച്ഛനും കൂട്ടുകാരും വീട്ടിലേക്ക് വന്നപ്പോൾ കട്ടിലിൽ വസ്ത്രങ്ങൾ കിടക്കുന്നതു കണ്ടു പ്രകോപിതനായി മകളെ മർദിക്കുകയായിരുന്നു. അനുസരണ ഇല്ലെന്ന് പറഞ്ഞായിരുന്നു മർദനം. കുട്ടിയുടെ മുഖത്ത് അടിച്ച ശേഷം തല പിടിച്ച് കസേരയിൽ ഇടിച്ചു. മുതുകിൽ ചവിട്ടുകയും കാലിൽ പിടിച്ച് ഉയർത്തി തല തറയിൽ ഇടിക്കുകയും ചെയ്തു. മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. മർദിച്ചപ്പോൾ കുട്ടിയുടെ അനുജത്തിയും വീട്ടിൽ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പിതാവ് തന്നെ ആശുപത്രിൽ എത്തിക്കുകയായിരുന്നു. മർദന വിവരം പുറത്തു പറയരുതെന്ന് അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഭാര്യയുടെ അച്ഛനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. 2022ൽ നടന്ന സംഭവത്തിലെ ദൃക്സാക്ഷിയാണ് മർദനത്തിനിരയായ പെൺകുട്ടി. കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് മർദനമുണ്ടായത്. മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ മർദിച്ചത് എന്ന് പൊലീസ് സംശയിക്കുന്നു.