ADVERTISEMENT

കൊച്ചി ∙ ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം പുറത്തിറക്കും. സർക്കാർ വിജ്ഞാപനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം കോടതിയെ അറിയിച്ചത്. സാമൂഹികാഘാത പഠനമടക്കം പുതിയ ഏജൻസിയെക്കൊണ്ടു നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണു ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ കൈവശമുള്ള 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് 2023 മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതും ചട്ടവിരുദ്ധമായാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് സ്റ്റേ.  

ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർ‍ക്കാണ് എന്നതിൽ തർക്കമുണ്ട്. എന്നാൽ, സർക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണു വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹികാഘാത പഠനം നടത്തിയതു സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് എന്ന സർക്കാരിനു കീഴിലുള്ള ഏജൻസിയാണെന്നും ഇതു കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

English Summary:

Kerala Govt to Withdraw Sabarimala Airport Land Acquisition Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com