‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ തെറ്റിച്ചെഴുതി കേന്ദ്രമന്ത്രി; വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്ത് കോൺഗ്രസ്– വിഡിയോ
Mail This Article
ഭോപ്പാൽ∙ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതിയുടെ പേര് തെറ്റിച്ചെഴുതിയ കേന്ദ്ര വനിതാ–ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറിനെ പരിഹസിച്ച് കോൺഗ്രസ്. മധ്യപ്രദേശിലെ ധറിൽ നടന്ന സ്കൂൾ ചലോ അഭിയാൻ പരിപാടിക്കിടയിലാണ് ബേഠി ബച്ചാവോ, ബേഠി പഠാവോ എന്നതിന് പകരം ‘ബേഡി പടാവോ ബചാവ്’ എന്ന് സാവിത്രി എഴുതിയത്.
ഇതോടെ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ‘ജനാധിപത്യത്തിന്റെ ദൗർഭാഗ്യം’ എന്നാണ് ഇതിനെ കോൺഗ്രസ് നേതാവ് കെ.കെ.മിശ്ര വിശേഷിപ്പിച്ചത്. ‘‘ഭരണഘടനാ പദവികൾ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ചുമതല വഹിക്കുന്നവരും മാതൃഭാഷയിൽ പോലും അറിവില്ലാത്തവരാണെന്നുള്ളത് ജനാധിപത്യത്തിന്റെ ദൗർഭാഗ്യമാണ്. അവർക്ക് എങ്ങനെ അവരുടെ കമകൾ നിർവഹിക്കാൻ കഴിയും?’’– അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും മിശ്ര ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് ബാലിശമായ വാദങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി നേതാവ് മനോജ് സൊമാനി കുറ്റപ്പെടുത്തി. സാവിത്രിയെ പരിഹസിച്ചത് ആദിവാസി സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ധറിൽ നിന്നുള്ള പ്രതിപക്ഷ നേതാവായ ഉമങ് സിംഘറും മന്ത്രിയെ വിമർശിച്ച് രംഗത്തെത്തി. സാവിത്രിയുടെ നേതൃത്വത്തെയും വിദ്യാഭ്യാസ യോഗ്യതയെയും ചോദ്യം ചെയ്ത സിംഘർ പ്രധാനമന്ത്രി മന്ത്രിമാരെ തിരഞ്ഞെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിഹസിച്ചു. റബ്ബർ സ്റ്റാമ്പുമന്ത്രിമാരെയാണോ കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിക്ക് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു പൊതുജന സേവകൻ എപ്രകാരമായിരിക്കണമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. സിംഘറും ആദിവാസി നേതാവാണ്. പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 2015ൽ കേന്ദ്രം കൊണ്ടുവന്ന പദ്ധതിയാണ് ബേഠി ബച്ചാവോ, ബേഠി പഠാവോ.