കേരളത്തിലെത്തുമ്പോൾ ബിജെപിയും കോൺഗ്രസും സമരസപ്പെടുന്നു; ബിജെപിയെ സഹായിച്ച ശക്തികൾ ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി
Mail This Article
കോഴിക്കോട്∙ കേരളത്തിലെത്തുമ്പോൾ വലതുപക്ഷം ഒറ്റക്കെട്ടാണെന്നും ബിജെപിയും കോൺഗ്രസും സമരസപ്പെടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി, ലീഗ് ജമാ അത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മാറിയെന്നും ആരോപിച്ചു.
‘‘ഇടതുമുന്നണിക്ക് പരാജയം സംഭവിച്ചു എന്നത് വസ്തുതയാണ്. തിരിച്ചു വരാൻ കഴിയും എന്നു തന്നെയാണ് കരുതുന്നത്. ചില കാര്യങ്ങളിൽ മുടക്കം വന്നുവെന്നത് സത്യമാണ്. ക്ഷേമ പെൻഷൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്ത് തീർക്കും. കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് ഗൗരവമായി പരിശോധിക്കണം. നേരത്തേ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് പിന്തുണ ഉണ്ടായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് ചില വിഭാഗങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞതുകൊണ്ടാണ്.
ബിജെപിക്ക് തടയിടാൻ സംസ്ഥാനങ്ങൾ തോറും കൂട്ടായ്മ രൂപപ്പെടണമെന്ന് ഇടതുപക്ഷം നിലപാട് സ്വീകരിച്ചു. ഉത്തർപ്രദേശിലുണ്ടായ കൂട്ടായ്മ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായക ശക്തിയായി. ബിജെപിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കൂട്ടായ്മകൾ ഉയർന്നു വന്നു. ബിജെപി തോൽപിക്കാൻ കഴിയാത്ത ശക്തിയല്ല. രാജ്യത്തിന്റെ ഭാവി നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇതെല്ലാം നൽകുന്നത്’’ – മുഖ്യമന്ത്രി പറഞ്ഞു.