ട്രംപിന് നിർണായകം ‘ഗർഭച്ഛിദ്ര അവകാശ’ വിധി: ആദ്യ സംവാദം ചൊവ്വാഴ്ച, ബൈഡൻ വ്യക്തത വരുത്തും?

Mail This Article
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പ്രസിഡന്റ് ജോ ബൈഡന്‍ – ഡോണൾഡ് ട്രംപ് ആദ്യ സംവാദം ചൊവ്വാഴ്ച. സംവാദത്തില്‍ ഗർഭച്ഛിദ്ര അവകാശം പ്രധാനവിഷയമാകും. രണ്ടു വർഷം മുൻപ് യുഎസ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിനായുള്ള ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്നു വലിയ പ്രതിഷേധസമരങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് പല സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം നഷ്ടപ്പെടാനും ഇതു കാരണമായെന്ന വിലയിരുത്തൽ ഉള്ളതുകൊണ്ടുതന്നെ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സംവാദത്തിലെ നിലപാടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമാവും.
2022 ജൂൺ 24നാണ് ഗർഭച്ഛിദ്ര അവകാശങ്ങൾ സംരക്ഷിച്ചിരുന്ന ചരിത്ര വിധി സുപ്രീം കോടതി അസാധുവാക്കുകയും ഗർഭച്ഛിദ്രത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തത്. സുപ്രീം കോടതിയിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാര്‍ട്ടിക്കുള്ള ഭൂരിപക്ഷത്തിന്റെ പിൻബലത്തിലായിരുന്നു ഈ നീക്കം. തുടർന്ന് രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രം നിയമപരമാവുകയും മറ്റു സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമാവുകയും ചെയ്തു. പല ക്ലിനിക്കുകളും അടച്ചുപൂട്ടുന്ന അവസ്ഥയുമുണ്ടായി. ഇതു മൗലികാവകാശങ്ങളുടെ ലംഘനമായി കണ്ട് വിവിധ സംഘടനകൾ രംഗത്തെത്തി. പ്രതീക്ഷിച്ചതിലും വലിയ പ്രത്യാഘാതമാണു കോടതിവിധി രാജ്യത്തുണ്ടാക്കിയത്.
നവംബറിലെ തിരഞ്ഞെടുപ്പിൽ പ്രത്യുൽപാദന അവകാശങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ നിർണായകമാണെന്നും ബൈഡന്റെ തിരഞ്ഞെടുപ്പ് സംവാദങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഗർഭച്ഛിദ്ര നയങ്ങളിൽ വ്യക്തത നല്‍കുമെന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇതിനിടെ പ്രതികരിച്ചു. ‘‘സ്വന്തം ശരീരത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണ്. അതില്ലാതാക്കാൻ കഴിയുമെങ്കിൽ, മറ്റെന്തെല്ലാം അവകാശങ്ങൾ ഇല്ലാതാക്കപ്പെടുമെന്ന് ഏതു ലിംഗത്തിൽപെട്ടവരും മനസ്സിലാക്കണം’’ – സംവാദത്തിൽ ഡെമോക്രാറ്റിക് പാർട്ടിയെടുക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് കമലാ ഹാരിസ് മറുപടി നൽകി.