‘അഭിപ്രായവ്യത്യാസങ്ങളില്ല, സംഭവിച്ചത് ആശയവിനിമയത്തിലെ അവ്യക്തത’; ചെന്നിത്തലയെ അനുനയിപ്പിച്ച് സതീശന്‍

Mail This Article
തിരുവനന്തപുരം∙ യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതില്‍ അതൃപ്തനായിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രമേശ് ചെന്നിത്തലയുമായി സതീശന്‍ കൂടിക്കാഴ്ച നടത്തി. യുഡിഎഫ് യോഗത്തില്‍ സംഭവിച്ചത് ആശയ വിനിമയത്തിലെ അവ്യക്തതയാണെന്നും ചെന്നിത്തലയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും സതീശന്‍ പറഞ്ഞു.
ഈ മാസം 21ന് കെപിസിസി യോഗത്തിനു ശേഷം വൈകിട്ട് കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ രമേശ് ചെന്നിത്തല അതൃപ്തനായിരുന്നു. ഘടകകക്ഷി നേതാക്കള്‍ക്ക് അവസരം നല്‍കിയപ്പോള്‍ യുഡിഎഫിന്റെ പ്രചാരണസമിതി ചെയര്‍മാന്‍ കൂടിയായ രമേശ് ചെന്നിത്തലയെ തഴഞ്ഞുവെന്നായിരുന്നു നേരത്തേയുണ്ടായ വിമര്‍ശനം. പിന്നാലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എംപിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കുമായി ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് മടങ്ങുകയായിരുന്നു.