പൊലീസിലെ ‘കുഴപ്പക്കാർ’ക്കെതിരെ കർശന നടപടി വേണം; മടി വേണ്ടെന്ന് പൊലീസ് മേധാവിയോട് ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാന പൊലീസ് സേനയിലെ ‘കുഴപ്പക്കാർ’ക്കെതിരെ കർശന നടപടി എടുക്കുന്നതിൽ മടി കാണിക്കരുതെന്ന് പൊലീസ് മേധാവിയോട് ഹൈക്കോടതി. പൊലീസിന്റെ പ്രവർത്തനങ്ങളിൽ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും പേടി കൂടാതെ മനുഷ്യർക്കു കയറിച്ചെല്ലാൻ പറ്റിയ ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അഭിഭാഷകൻ അക്വിബ് സുഹൈലിനെ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന വി.ആർ.റെനീഷ് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഡിജിപി ഓണ്‍ലൈനായി കോടതി മുൻപാകെ ഹാജരാകണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു.
സർക്കുലർ ഇറക്കിയതുകൊണ്ടോ അത്തരം നടപടികൾ സ്വീകരിച്ചതുകൊണ്ടോ മാത്രമായില്ല, ജനങ്ങളോട് സൗഹാർദത്തോടെ പെരുമാറുന്ന പൊലീസ് സേനയാണ് ഉള്ളതെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആലത്തൂരിൽ അഭിഭാഷകനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനു മേൽ ഒരു കണ്ണുണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇയാൾക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഈ മറുപടിയുടെ അടിസ്ഥാനത്തിലാവും നടപടി. പൊലീസ് സേനയെ മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.
കൊളോണിയൽ മനോഭാവം പൊലീസ് സേന ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സേനയിൽ ഇപ്പോൾത്തന്നെ മാറ്റം വന്നു കഴിഞ്ഞെന്നും പല കാര്യങ്ങളിലും പരിശീലനം നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, പ്രകോപനം നിയന്ത്രിക്കാൻ കൂടി പരിശീലനം നൽകണമെന്ന് കോടതി നിർദേശിച്ചു. പല പ്രതികരണങ്ങളുടെയും കാരണമായി പറയുന്നത് പ്രകോപനപരമായ സാഹചര്യമായിരുന്നു എന്നാണ്. മോശം സ്വഭാവത്തെ ന്യായീകരിക്കാൻ പ്രകോപനത്തെ കൂട്ടുപിടിക്കരുത്. പൊലീസ് സേനയെ ഒരു ആധുനിക, പ്രഫഷണൽ സംഘമായി മാറ്റിയെടുക്കാനാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും കോടതി വ്യക്തമാക്കി.
ഈ കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ തെറ്റ് സമ്മതിച്ചുവെന്നും അതിനു വിഡിയോദൃശ്യത്തിന്റെ പിന്തുണയുമുണ്ടെന്നും കോടതി പറഞ്ഞു. കുറ്റം സമ്മതിച്ചാൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥൻ കരുതിയതെന്നും പക്ഷേ അത് മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പൊലീസിന്റെ പ്രവൃത്തികളുടെ വിഡിയോ എടുക്കുന്നത് തടയരുതെന്ന് സർക്കുലറിൽ തന്നെ പറഞ്ഞിട്ടുള്ള കാര്യം പൊലീസുകാരെ ബോധ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.