കുറുവ ദ്വീപ്: വിനോദ സഞ്ചാരത്തിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം

Mail This Article
കൊച്ചി ∙ വയനാട് കുറുവ ദ്വീപിൽ വിനോദസഞ്ചാരം മുൻനിർത്തിയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. 2 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു നിർമാണത്തിന് അനുമതി നൽകിയതെന്ന് ആരാഞ്ഞ ജസ്റ്റിസുമാരായ ഡോ.എ.കെ.ജയങ്കരൻ നമ്പ്യാരും പി.ഗോപിനാഥും കോടതിയുടെ അനുമതി ഇല്ലാെത ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും നിര്‍ദേശിച്ചു.
ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവവും കോടതിയിൽ വന്നു. ടൂറിസ്റ്റുകൾക്കുള്ള സഫാരി പാർക്കിലായിരുന്നു സംഭവം. എന്നാൽ സംസ്ഥാനമൊട്ടാകെ 36 സഫാരി പാര്‍ക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയ്ക്ക് അനുമതിയില്ല. ഇടുക്കി ജില്ലയിലെ സഫാരി പാർക്കുകളുടെ നിയമവശങ്ങളെക്കുറിച്ച് അറിയിക്കാൻ ജില്ലാ കലക്ടർക്കു കോടതി നിർദേശം നൽകി.
മൂന്നാറിൽ കാട്ടാനകളുടെ ശല്യം ഒഴിവാക്കുന്നതിനു കല്ലാറിലുള്ള പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിനു ചുറ്റും വേലി കെട്ടണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇത്തരമൊരു വേലി നിർമിക്കുന്നതിനു ഫണ്ടില്ലെന്നു പഞ്ചായത്ത് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിനോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കോ സഹായിക്കാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി അഡിഷനൽ അഡ്വക്കേറ്റ് ജനറലിനോടു നിർദേശിച്ചു.