വിവാഹത്തിന് വന്നവർക്കെല്ലാം ‘വെൽകം ഡ്രിങ്ക്’; വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം, ആശങ്ക

Mail This Article
വള്ളിക്കുന്ന് ∙ മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരിൽ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കാണ് രോഗത്തിന്റെ ഉറവിടമെന്നു വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ പറഞ്ഞു. ‘‘ജൂൺ എട്ടിന് ആദ്യകേസ് റിപ്പോർട്ടു ചെയ്ത പഞ്ചായത്തിൽ ആശുപത്രിയിൽ അഡ്മിറ്റായ കേസുകൾ ഇല്ല. തിങ്കളാഴ്ച 5 സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ കേസുകളുടെ എണ്ണം ഇനിയും വർധിക്കാനാണു സാധ്യത’’ – പഞ്ചായത്ത് പ്രസിഡന്റ് മനോരമ ഓൺലൈനോടു പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം:
‘‘വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു കല്യാണം മേയ് 13നു മൂന്നിയൂർ പഞ്ചായത്തിലെ ‘സ്മാർട്ട്’ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. അവിടെ വിതരണം ചെയ്ത വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവിൽ പഞ്ചായത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളൊക്കെയും ഇതേ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്നത്തെ റിപ്പോർട്ടു പ്രകാരം 238 പേര്‍ക്കാണു പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ഇതിൽ 5 കേസുകൾ സെക്കൻഡറിയാണ്. ജൂൺ എട്ടാം തീയതി ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിൽ മുപ്പതോളം കേസുകൾ കണ്ടെത്തി.
മഴക്കാലത്തിനു മുൻപ് 15 സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകർ വേണ്ടനടപടികൾ സ്വീകരിച്ചു. ക്ലോറിനേഷൻ പ്രവർത്തനവും ഫീല്‍ഡ് വർക്കും നടത്തുന്നുണ്ട്. സർക്കാർ ഇടപെട്ട് ടെസ്റ്റിങ് സൗകര്യവും ഏർപ്പെടുത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയിൽ അഡ്മിറ്റായ കേസുകളും ഇല്ല. പഞ്ചായത്തിലെ കൊടക്കാട് എന്ന പ്രദേശത്താണു ഏറ്റവുമധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഗുരുതര കേസുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും ഭേദമായി. എന്നാൽ സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടു കേസുകളുടെ എണ്ണം കൂടാനാണു സാധ്യത. നേരിടാൻ പഞ്ചായത്ത് സജ്ജമാണ്.’’