ADVERTISEMENT

ആലപ്പുഴ∙ ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പിലാക്കിയോ എന്ന സംശയത്തിൽ പൊലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. 

അതേസമയം, പ്രതികളിലൊരാൾ ഭാര്യയുമായുള്ള വഴക്കിനിടെ ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിനു ശേഷം പുറത്തുവരാൻ ഇടയാക്കിയത്. ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ഊമക്കത്തും നിർണായകമായി.

ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്നു ലോക്കറ്റ്, ഹെയർ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാൽ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനിൽ മൃതദേഹ അവശിഷ്ടങ്ങൾ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാൻ കാരണം ഇതാണ്. 

അനിലാണ് കേസിലെ ഒന്നാം പ്രതി. മറ്റു 3 പ്രതികളെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ.സോമരാജൻ (56), കണ്ണമ്പള്ളിൽ കെ.സി.പ്രമോദ് (40), ജിനു ഭവനത്തിൽ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 2009 ഡിസംബർ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്.

കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

∙ പൊലീസിന് ഊമക്കത്ത് ‌അയച്ചതാര്? 

മൂന്നു മാസം മുൻപ് പൊലീസിനു ലഭിച്ച ഊമക്കത്താണ് നിർണായകമായത്. കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മാന്നാർ കൊലക്കേസിൽ അറസ്റ്റിലായ കെ.സി.പ്രമോദ് സ്ഫോടകവസ്തുവും പെട്രോളുമായെത്തി ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ഉപദ്രവത്തെ തുടർന്നാണ് പ്രമോദിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. അവിടെ സ്ഫോടക വസ്തുക്കളുമായി എത്തിയ പ്രമോദ് വഴക്കുണ്ടാക്കി. മാർച്ച് 24ന് നടന്ന സംഭവത്തെ തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തിരുന്നു.

‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ പ്രമോദ് വെല്ലുവിളിച്ചു. ഇതിനു ശേഷമാണ് മാന്നാർ പോസ്റ്റ് ഓഫിസിൽനിന്ന് ഊമക്കത്ത് അമ്പലപ്പുഴ പൊലീസിനു ലഭിച്ചത്. കലയുടെ കൊലപാതകത്തിൽ പങ്കുള്ളവരെക്കുറിച്ചുള്ള വിവരമായിരുന്നു കത്തിലുണ്ടായിരുന്നത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

∙ തിരോധാനത്തിന് 15 വയസ്, ബന്ധുക്കളും അന്വേഷിച്ചില്ല

ഊമക്കത്ത് ലഭിച്ചില്ലായിരുന്നെങ്കിൽ കലയുടെ തിരോധാധനത്തിനു പിന്നിലെ ദൂരൂഹത ഒരിക്കലും നീങ്ങില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. കലയ്ക്ക് മാന്നാർ കുട്ടമ്പേരൂർ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മിൽ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് നാട്ടിൽ പ്രചാരണമുണ്ടായതോടെ ബന്ധുക്കളും അന്വേഷണത്തിനു മുതിർന്നില്ല. ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ചു പോയെന്നു കരുതിയ കലയോട് ബന്ധുക്കൾക്കും ദേഷ്യമുണ്ടായിരുന്നു.

കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറിൽ സഞ്ചരിച്ചതെന്നാണു പൊലീസ് പറയുന്നത്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനിൽ വിളിച്ചുവരുത്തിയതാണോ എന്നു പരിശോധിക്കുന്നു. കാറിൽ കിടക്കുന്ന കലയുടെ മൃതദേഹം ഇരമല്ലൂർ പുതുപ്പള്ളിൽ തെക്കേതിൽ കെ.വി.സുരേഷ് കുമാറിനെ അനിൽ കാണിച്ചെന്ന് എഫ്ഐആറിലുണ്ട്. സുരേഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

English Summary:

Mannar Kala Murder: 'Drishyam 2 Model' Suspected in Evidence Destruction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com