‘അതാണ് ബാലൻ – ബിനോയ് ബന്ധം’; എസ്എഫ്ഐയുടെ ചോര കുടിക്കാൻ താനും സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം
Mail This Article
തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ ആഞ്ഞടിച്ചിട്ടും, എസ്എഫ്‌ഐ തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ ചോര കുടിക്കാന്‍ താനും സമ്മതിക്കില്ല. ബാലന്റെ ഭാഗത്തുനിന്നും സിപിഐയെയോ തന്നെയോ കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘അങ്ങനെയൊന്നും ബാലന്‍ പറയില്ല. നിങ്ങള്‍ക്ക് ബാലനെ അറിയില്ല. എനിക്ക് ബാലനെ അറിയാം. ബാലന്റെ ഭാഗത്തുനിന്നും സിപിഐയെക്കുറിച്ചോ എന്നെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഉണ്ടാവില്ല. അതാണ് എ.കെ. ബാലന്‍-ബിനോയ് ബന്ധം. അതാണ് സിപിഎം-സിപിഐ ബന്ധം. അതു നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. എസ്എഫ്‌ഐ തിരുത്തണം. അവരുടെ ചോര കുടിക്കാന്‍ ഞാനും സമ്മതിക്കില്ല.’’ – ബിനോയ് വിശ്വം പറഞ്ഞു.
പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർഥം അറിയില്ലെന്നും തിരുത്താന്‍ തയാറാകണം എന്നുമുള്ള ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിനെതിരെ എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. എസ്എഫ്‌ഐക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആഴം അറിയില്ലെന്നും അവരെ പഠിപ്പിക്കണമെന്നുമുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണമാണ് എ.കെ. ബാലനെ പ്രകോപിപ്പിച്ചത്.