‘ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന വ്യക്തി’; ബ്രിട്ടൻ വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയെ ഓർത്ത് മാന്നാനം സ്കൂൾ പ്രിൻസിപ്പൽ
Mail This Article
കോട്ടയം∙ ബ്രിട്ടനില്‍ പുതിയ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ഡേവിഡ് ലാമി ഇന്ത്യക്കാരെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും നമ്മളിലൊരാളെ പോലെയാണ് പെരുമാറുന്നതെന്നും ഓര്‍ത്തെടുത്ത് മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് മുല്ലശേരി സിഎംഐ. 2016ൽ കൊച്ചിന് ബിനാലെയില്‍ പങ്കെടുക്കാന്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റായ ഭാര്യക്കും മക്കള്‍ക്കുമൊപ്പം കേരളത്തില്‍ എത്തിയപ്പോഴാണ് ഡേവിഡ് ലാമി മാന്നാനത്ത് എത്തിയതെന്ന് ഫാ.ജയിംസ് മുല്ലശേരി പറഞ്ഞു.
‘‘ഏറെ വിനയത്തോടെയുള്ള പെരുമാറ്റമാണ് ഏറ്റവും വലിയ ആകര്‍ഷണമായി തോന്നിയത്. നിറഞ്ഞ ചിരിയോടെ തോളില്‍ കൈയിട്ട് നമ്മളില്‍ ഒരാളെപ്പോലെയാണ് എല്ലാവരോടും പെരുമാറുന്നത്. വളരെ സൗഹാര്‍ദപരമായ സംസാരമാണ് അദ്ദേഹത്തിന്റേത്. അന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ വിദ്യാഭ്യാസമന്ത്രിയായിരുന്നതിനാല് മാന്നാനം സ്കൂളിലെ കുട്ടികളുമായി ബ്രിട്ടനിലെ വിദ്യാഭ്യാസ രീതി ഉള്‍പ്പെടെ ഏറെ നേരം സംവദിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സ്കൂളില്‍ എത്തിയത്. രാവിലെ എത്തുമ്പോള്‍ സ്കൂളിന്റെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ നിലത്തിരിക്കുന്നതാണ് കണ്ടത്. ഇവിടെ ഒരുക്കിയ കേരളീയ ഭക്ഷണം ഉള്‍പ്പെടെ ആസ്വദിച്ചു.
ചാവറയച്ചന്റെ കബറിടവും പള്ളിയും സന്ദര്‍ശിച്ചു. ഒരു ദിവസം മുഴുവന്‍ ചെലവിട്ട് ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയത്. ഞാന്‍ യുകെയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ലമെന്റിലേക്കു ക്ഷണിച്ചു. പിന്നെ ഒന്നിച്ചു കാപ്പിയൊക്കെ കുടിച്ചാണ് പരിഞ്ഞത്. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ വിവരമറിഞ്ഞ് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.’’ - റവ. ഡോ. ജെയിംസ് മുല്ലശേരി സിഎംഐ. പറഞ്ഞു. ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പയസ് കുന്നശേരിയുടെ ക്ഷണപ്രകാരമാണ് ബിനാലെയ്ക്ക് ഡേവിഡ് ലാമി എത്തിയത്. മാധ്യമപ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ വഴി ചാവറ അച്ചന്റെ സ്കൂളും മറ്റും സന്ദര്‍ശിക്കാനായി മാന്നാനത്തേക്കു വരികയായിരുന്നു.
ഇന്ത്യയുമായി ഏറെ സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന അമ്പത്തിയൊന്നുകാരനായ ഡേവിഡ് ലാമി കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനെ ‘സുഹൃത്ത്’ എന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങളോടു വിശേഷിപ്പിച്ചത്. അധികാരമേറ്റെടുത്താല്‍ ആദ്യ ആഴ്ച തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.