അസമിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

Mail This Article
ശിവസാഗർ ∙ അസമിൽ അധ്യാപകനെ കുത്തിക്കൊന്ന് വിദ്യാർഥി. പ്ലസ്‍ വണ്‍ വിദ്യാർഥിയാണ് ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. ശിവസാഗർ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയിൽ ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം. സയൻസ് അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.
വിദ്യാർഥിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷ് ബാബുവിനെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാകുകയായിരുന്നു. വൈകാതെ അധ്യാപകന്റെ മരണം സ്ഥിരീകരിച്ചു. വിദ്യാർഥിയെ അധ്യാപകൻ ശകാരിച്ചിരുന്നെന്നാണ് വിവരം. പിന്നാലെയാണ് സംഭവം. വിദ്യാർഥിക്ക് കത്തി എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി എഎസ്പി മൊയിദുൾ ഇസ്ലാം അറിയിച്ചു.