‘എസ്എഫ്ഐക്കെതിരെ പറഞ്ഞത് പൊതുവികാരം; ബിനോയ് വിശ്വത്തിന് റഹീമിന്റെ സർട്ടിഫിക്കറ്റ് വേണ്ട’

Mail This Article
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ് വിശ്വം എന്തു പ്രസ്താവന നടത്തണമെന്നതിന് എ.എ.റഹീമിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. ബിനോയ് വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണ്. അതു മനസ്സിലാക്കി റഹീം എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടതെന്നും എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.
വലതുപക്ഷവും മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ ലേബലിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതു തിരുത്താൻ എസ്എഫ്ഐ തയാറാകണമെന്നാണു ബിനോയ് വിശ്വം ആവശ്യപ്പെട്ടത്.
വിമർശനം ഉൾക്കൊണ്ട് എസ്എഫ്ഐയിൽ പരിഷ്‌കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ് വിശ്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന റഹീമിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ഇടതുപക്ഷം കൂടുതൽ തിരുത്തലുകൾക്ക് വിധേയമാകേണ്ട കാലഘട്ടത്തിൽ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.