ബിഎസ്പി നേതാവിന്റെ കൊലപാതകം; പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയോ? അപലപിച്ച് നടൻ വിജയ്
Mail This Article
ചെന്നൈ∙ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആർക്കോട്ട് സ്വദേശി സുരേഷിന്റെ കൊലപാതകവുമായി ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് സൂചന. അറസ്റ്റിലായ എട്ടു പേരിൽ ഒരാളായ പൊന്നൈ ബാലു, കൊല്ലപ്പെട്ട സുരേഷിന്റെ സഹോദരനാണെന്നതും ഈ കുടിപ്പകയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആംസ്ട്രോങ്ങും മുൻപ് കൊല്ലപ്പെട്ട സുരേഷും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ 2022 ൽ ആർക്കോട്ടിൽ നടന്ന ഒരു സ്വർണ്ണ പണയ തട്ടിപ്പുമായി സുരേഷിന് ബന്ധമുണ്ടായിരുന്നുവെന്നും തട്ടിപ്പിന് ഇരകളാക്കപ്പെട്ടവരെ ആംസ്ട്രോങ് പിന്തുണച്ചത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വിഴ്ത്തിയെന്നുമാണ് നിഗമനം. സുരേഷിനെ കൊലപ്പെടുത്താൻ ജയ്പാല്‍ എന്നയാളെ നിയോഗിച്ചത് ആംസ്ട്രോങ്ങാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതാണ് ആംസ്ട്രോങിന്റെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സുരേഷിനെ കൊലപ്പെടുത്തിയ കേസിൽ ജയ്പാൽ നിലവിൽ ജയിലിലാണ്.
അതേസമയം ആംസ്ട്രോങിന്റെ കൊലപാതകത്തിൽ അപലപിച്ച നടൻ വിജയ്, ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ മുൻ കരുതൽ എടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ ആസംട്രോങ്ങിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി ഇന്ന് ചെന്നൈയിലെത്തും. ആംസ്ട്രോങിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയ്ക്ക് മുൻപിൽ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ബിഎസ്പി പ്രവർത്തകർ നടത്തിയത്.