ഗുജറാത്തിലെ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം ഏഴായി, 17 മണിക്കൂർ പിന്നിട്ട് രക്ഷാപ്രവർത്തനം

Mail This Article
സൂറത്ത്∙ ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.
2017 ൽ പണിത അപ്പാർട്ട്മെന്റ് കെട്ടിടം കനത്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആകെ 30 അപ്പാർട്ട്മെന്റുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും ഇതിൽ 5 എണ്ണത്തിൽ മാത്രമെ ആൾത്താമസമുണ്ടായിരുന്നുള്ളൂ.
ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനായി മാറ്റിയതായി സൂറത്ത് പൊലീസ് ഡിസിപി രാജേഷ് പർമാർ അറിയിച്ചു. കെട്ടിടം തകർന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.