ADVERTISEMENT

കോഴിക്കോട്∙ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിനിരയായതിന് പിന്നാലെ പൊലീസ് നടപടിയും നേരിടേണ്ടി വന്നിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന്. എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെയും അധ്യാപകനെയും മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്യാംപസിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ, പ്രിൻസിപ്പലിനെതിരെ വധഭീഷണിയും മുഴക്കി.

പൊലീസ് സംരക്ഷത്തിലാണ് കഴിഞ്ഞ ദിവസം കോളജ് പ്രവർത്തിച്ചത്. കോളജിൽ വിദ്യാർഥികൾക്കായി എസ്എഫ്ഐ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പലിനെ മർദിച്ചത്. എസ്എഫ്ഐയെ പേടിച്ച് ‘പൊലീസ് ഹെൽപിലാണ്’ ഇപ്പോൾ വിദ്യാർഥികളും അധ്യാപകരും ക്യാംപസിലെത്തുന്നത്. എസ്എഫ്ഐയുടെ ക്യാംപസിലെ പ്രവർത്തനത്തെക്കുറിച്ച് ഡോ.സുനിൽ ഭാസ്കരൻ ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.

∙എസ്എഫ്ഐ മുൻപും ക്യാംപസിൽ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ ?

എസ്എഫ്ഐ ഏതെങ്കിലും ക്യാംപസിൽ പ്രശ്നം ഉണ്ടാക്കാതിരുന്നിട്ടുണ്ടോ

∙ ക്യാംപസിൽ തിരഞ്ഞെടുപ്പ് നടക്കാറുണ്ടോ ?

ക്യാംപസിൽ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടകളാണ് മത്സരിക്കുന്നത്. നാല് വർഷം മുൻപു വരെ ക്യാംപസിൽ കെഎസ്‌യു ഉണ്ടായിരുന്നു. നാൽപതോളം കുട്ടികൾ കെഎസ്‌യുവിന് വേണ്ടി പ്രവർത്തിച്ചിരുന്നു. എന്നാൽ ഒരു ദിവസം എസ്എഫ്ഐക്കാർ കെഎസ്‌യു പ്രവർത്തകരെ മർദിച്ച് മാരകമായി പരുക്കേൽപ്പിച്ചു. ചിലരുടെ തല അടിച്ചുപൊട്ടിച്ചു. അവർ എനിക്ക് പരാതി നൽകി. പിറ്റേന്ന് ഈ പരാതി പൊലീസിന് കൈമാറാൻ തുടങ്ങിയപ്പോൾ മർദനമേറ്റ കുട്ടികൾ വന്ന് പരാതി പിൻവലിക്കുകയായിരുന്നു. പരാതി പൊലീസിന് കൈമാറരുതെന്നും ആവശ്യപ്പെട്ടു. പിന്നീട് കെഎസ്‌യു അവിടെ പ്രവർത്തനം നിർത്തി. അങ്ങനെയുള്ള സാഹചര്യമാണ് ക്യാംപസിൽ നിലനിൽക്കുന്നത്. ഈ വർഷം കെഎസ്‌യു യൂണിറ്റ് സ്ഥാപിച്ചു എന്ന് പറഞ്ഞ് എനിക്ക് കത്തു നൽകി. യൂണിറ്റ് സ്ഥാപിച്ചോ എന്ന കാര്യം അറിയില്ല.

∙ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ ആണോ ജയിക്കാറുള്ളത് ?

മിക്കപ്പോഴും ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്നില്ല. എബിവിപിയുെട ഒരു യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കഴി‍ഞ്ഞ വർഷം നാമനിർദേശ പത്രികയുമായി എബിവിപി പ്രവർത്തകർ എത്തിയെങ്കിലും അവരെ പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ല. നിസ്സാര കാരണം പറഞ്ഞാണ് പത്രിക നൽകുന്നതിൽ നിന്നും തടഞ്ഞത്. ഇതോടെ ഏകപക്ഷീയമായി എസ്എഫ്ഐ ജയിച്ചു. ഇങ്ങനെയാണ് കുറേ കാലമായി പ്രവർത്തിക്കുന്നത്.

∙ എസ്എഫ്ഐയിൽ നിന്നുള്ള ഭീഷണിെയ എങ്ങനെ നേരിടാനാണ് ശ്രമിക്കുന്നത് ?

എസ്എഫ്ഐ ഭീഷണിപ്പെടുത്തുന്നത് സമൂഹമെല്ലാം കണ്ടതാണ്. നടപടി എടുക്കേണ്ടത് സർക്കാരാണ്.

∙ താങ്കൾക്കെതിരെയാണല്ലോ കേസെടുത്തത്. പൊലീസിന്റെ നിലപാട് എന്താണെന്നാണ് കരുതുന്നത് ?

ഉന്നത അധികാരികൾ നൽകുന്ന നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസ് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണ് നടന്നത്. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിടേണ്ട ആക്രമണമാണുണ്ടായത്. അതിൽ അവർ നടപടി എടുക്കുന്നില്ല. പിന്നെ ഞാൻ പൊലീസിൽ പരാതി നൽകിയിട്ട് എന്താണ് കാര്യം. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി നിർദേശമുള്ളതിനാൽ കഴിഞ്ഞ ദിവസം പൊലീസിൽ കാവലിലാണ് കോളജ് തുറന്നത്. പുതിയ നിർദേശം വരുന്നതുവരെ പൊലീസ് കാവൽ തുടരും.

∙ വെള്ളിയാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ചോദ്യം ചെയ്തോ ?

ഇല്ല. ശനിയാഴ്ച എത്താൻ പറഞ്ഞിരുന്നു. എന്നാൽ അത്യാവശ്യമായി മറ്റൊരു സ്ഥലത്ത് പോകേണ്ടി വന്നതിനാൽ സ്റ്റേഷനിൽ പോകാൻ സാധിച്ചില്ല.

∙ എന്തു നടപടികളാണ് ഭാവിയിൽ ആലോചിക്കുന്നത് ?

കേസിപ്പോൾ ഹൈക്കോടതിയിലാണ്. തിങ്കളാഴ്ച പരിഗണിക്കും. കോടതി വിധിപോലെ ബാക്കി കാര്യങ്ങളിൽ തീരുമാനം എടുക്കും.

∙ മുൻ അധ്യാപിക ഉൾപ്പെെട താങ്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയല്ലോ? ഭീഷണികളുണ്ടോ ?

അധ്യാപിക കേസ് നൽകിയതുപോലെ പല മേഖലകളിൽ നിന്നും നിരവധി ഭീഷണികളുണ്ട്. ഹൈക്കോടതിയുടെ നിർദേശമനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങളിൽ തീരുമാനം

English Summary:

Gurudeva College Principal Talks About SFI Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com